കേരളത്തിലെ ഏറ്റവും സമ്പന്നൻ യൂസഫലി; പ്രായം കുറഞ്ഞ സമ്പന്നനായി ഡോ. ഷംസീർ വയലിൽ: നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ



രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി.

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ രണ്ടാമതാണ്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമത്. മുൻവർഷത്തേക്കാൾ വൻ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയിൽ 65-ാം സ്ഥാനത്തെത്തി.

വിദ്യാഭ്യാസ സംരംഭകനായ സണ്ണി വർക്കി 31,900 കോടി രൂപ ആസ്തിയുമായി മലയാളികളിൽ അഞ്ചാമതാണ്. യുഎഇ ആസ്ഥാനമായ സ്വകാര്യസ്കൂൾ ഗ്രൂപ്പ് ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനാണ് അദ്ദേഹം. ആദ്യ നൂറിലെ മലയാളി യുവ സമ്പന്നനായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ അതിവേഗം വളരുന്ന പ്രീ ഹോസ്പിറ്റൽ, ഹോസ്പിറ്റൽ ശൃംഖലയുടെ ഉടമയാണ്. കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്.

ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള 1539 പേരാണ് ഹുറൂൺ പട്ടികയിൽ ഇക്കുറി ഇടം നേടിയിരിക്കുന്നത്. ശത കോടീശ്വരരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് കണ്ടെത്തുന്ന പട്ടികയിൽ 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനിയാണ് ഒന്നാമത്. 10.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി മുകേഷ് അംബാനി രണ്ടാമത്. 3.14 ലക്ഷംകോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവുമാണ് മൂന്നാമത്.

Post a Comment

Previous Post Next Post