ശ്രീകണ്ഠപുരം (കണ്ണൂർ): പരിപ്പായിയില്‍ നിധിശേഖരം കണ്ടെത്തിയ പി.പി. താജുദ്ദീന്റെ റബ്ബർത്തോട്ടത്തില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ.കൃഷ്ണരാജ് എന്നിവരാണ് പരിശോധന നടത്തിയത്.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, സെക്രട്ടറി കെ.എം.രമേശൻ, വില്ലേജ് ഓഫീസർ മനോജൻ ചൂളിയാട്, ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലം സന്ദർശിക്കുകമാത്രമാണ് ചെയ്തതെന്ന് ഇ.ദിനേശൻ പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ നിധിശേഖരം ബുധനാഴ്ച പരിശോധിച്ച ശേഷമേ സ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടർ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുകയുള്ളൂ. കണ്ടെടുത്തവ തളിപ്പറമ്ബ് ആർ.ഡി.ഒ.യുടെ കസ്റ്റഡിയിലാണുള്ളത്. സാധനങ്ങളുടെ ഫോട്ടോ കണ്ടപ്പോള്‍ 200 വർഷത്തില്‍ താഴെ പഴക്കമുള്ളവയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
19 മുത്തുമണി, 14 സ്വർണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.
Post a Comment