തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
മില്‍മയില്‍ ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
വിഷയത്തില്‍ മില്‍മ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്‌ക്ക് പോലും വിളിച്ചില്ലന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്.
മില്‍മയില്‍ 13 മാസം മുൻപ് ശമ്ബള പരിഷ്‌കരണ കരാർ ഒപ്പിട്ടിരുന്നു. ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാൻ കാലതാമസമെടുക്കുകയാണ്. കരാർ നടപ്പിലാക്കാൻ മാനേജ്‌മെന്റ് മുൻകൈയെടുക്കുന്നില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.
പാക്കിംഗും വിതരണവും നിറുത്തിവച്ച്‌ കഴിഞ്ഞമാസവും മില്‍മ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്ബലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം. ലക്ഷക്കണക്കിന് ലിറ്റർ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. മില്‍മയുടെ പരാതിയില്‍ ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കേസുകള്‍ പിൻവലിക്കണമെന്നും തൊഴിലാളികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.

Post a Comment

Previous Post Next Post