മുബൈ: റിലയന്‍സ് ജിയോയ്‌ക്ക് പിന്നാലെ കോള്‍, ഡാറ്റ താരിഫുകളുടെ നിരക്കുകള്‍ കൂട്ടി രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളിലൊരാളായ എയർടെല്‍.
ജിയോയ്ക്ക് പിന്നാലെ എയർടെലും മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകള്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെ എയര്‍ടെല്‍ വർധിപ്പിച്ചു.
ഇതോടെ പ്രതിമാസ അണ്‍ലിമിറ്റഡ് പാക്കുകള്‍ക്ക് 20 മുതല്‍ 50 രൂപ വരെ കൂടും. എയര്‍ടെല്ലിന്‍റെ നിരക്ക് വർധന ജൂലൈ മൂന്ന് മുതല്‍ നിലവില്‍ വരും. പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ വലിയ വില വ്യത്യാസമാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പഴയ പാക്കേജിന് 199 രൂപയാണ് പുതുക്കിനിശ്ചയിച്ചിരിക്കുന്ന വില. 84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പ്ലാനിന് 509 രൂപയും ഒരു വര്‍ഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയും ജൂലൈ മൂന്ന് മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. ദിവസം ഒരു ജിബി ഡാറ്റ മുതല്‍ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്.
Tweet Facebook Whatsapp Telegram
Post a Comment