കണ്ണൂരില്‍ നിന്ന് കടല്‍ കടന്ന് ശ്രീ മുത്തപ്പൻ; ഇനി ഇംഗ്ലണ്ടിലും വെള്ളാട്ടം കെട്ടിയാടും


കണ്ണൂർ: മനസ് അറിഞ്ഞു വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുകയും ഭക്തരെ നെറുകെയില്‍ കൈ വെച്ചു സാന്ത്വനിപ്പിക്കുകയും നെഞ്ചോട് ചേർത്തു നിർത്തുകയും ചെയ്യുന്ന കണ്ണുരുകാരുടെ പ്രിയപ്പെട്ട ദൈവസ്വരുപമാണ് ശ്രീ മുത്തപ്പൻ.


ഇപ്പോഴിതാ മുത്തപ്പന്റെ ഖ്യാതി കടല്‍ കടന്ന് വിദേശത്തേക്കും പരക്കുകയാണ്.

പറശിനി മടപ്പുരയിലും കുന്നത്തുർപ്പാടിയിലും മാത്രമല്ല പുരളിമലയിലും നാടിൻ്റെ മുക്കിലും മൂലയിലും മുത്തപ്പ ചൈതന്യമുണ്ട്. ജാതിയോ മത വിവേചനമോ വലുപ്പ ചെറുപ്പമോ മുത്തപ്പ സന്നിധിയിലില്ല ആർക്കും എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും മുത്തപ്പനെ കാണാം അനുഗ്രഹം വാങ്ങാം. കണ്ണൂരിലെ വീടുകളില്‍ മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പന കഴിക്കുമ്ബോള്‍ അക്കാര്യം അയല്‍വാസികളോടും നാട്ടുകാരോടും പറയാറില്ല വീട്ടുമുറ്റത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മടപ്പുരയില്‍ നിന്നും ചെണ്ടവാദ്യം ഉയരുമ്ബോള്‍ എല്ലാവരും ഓടിയെത്തും.

മുത്തപ്പനുണ്ടെന്ന് ആരും പറയാതെ തന്നെ എല്ലാവരും എത്തിച്ചേർന്ന് അനുഗ്രഹം വാങ്ങുന്നു. മമ്ബയറും ഉണക്കമത്സ്യവും കള്ളും തേങ്ങാ പൂളും നിവേദ്യമായി നല്‍കുന്ന മുത്തപ്പന് ഭക്തരുടെ മനസിലാണ് പീഠമൊരുക്കിയിട്ടുള്ളത്. കണ്ണൂരുകാർ ഉറങ്ങുന്നതും ഉണരുന്നതും ആ ചിലമ്ബൊലി കേട്ടാണ്. അമ്ബും വില്ലുമേന്തിയ മുത്തപ്പനും തിരുവപ്പനും എല്ലാ വീടുകളുടെയും പൂമുഖങ്ങളില്‍ ഐശ്വര്യമേകുന്ന ചിത്രങ്ങളായും സ്ഥാനം പിടിച്ചിട്ടുണ്ട്.

വടക്കെമലബാറിലെ വിശ്വാസികളുടെ ആത്മാവും ആശ്വാസവുമായ ശ്രീ മുത്തപ്പൻ അതിരുകള്‍ മായ്ച്ച്‌ ദേശത്തിന് അപ്പുറത്തേക്ക് വളരുന്ന പ്രതിഭാസം കൂടിയാണ് 'ജീവിതത്തിലെ തിരിച്ചടികളിലും പ്രതിസന്ധിയിലും എല്ലാവരും വിളിക്കുന്നത് എൻ്റെ മുത്തപ്പാ യെന്നാണ് പൊന്നു മുത്തപ്പാ രക്ഷിക്കണെയെന്ന് പ്രായമായവർ മാത്രമല്ല കുട്ടികളും വിളിച്ചു പോവാറുണ്ട്. കരുണ തേടുന്നവരെ കൈവെടിയില്ല മുത്തപ്പൻ എന്ന വിശ്വാസമാണ് അതിന് കാരണം.

വിളിച്ചാല്‍ വിളി കേള്‍ക്കുന്ന വിളിപ്പുറത്തുള്ള മുത്തപ്പൻ കേരളത്തില്‍ മാത്രമല്ല രാജ്യത്ത് മുഴുവൻ കെട്ടിയാടുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ കടല്‍ കടന്ന് ഇംഗ്ലണ്ടിലും മുത്തപ്പൻ കെട്ടിയാടുകയാണ്. കണ്ണൂർ മുണ്ടയാട് കിളച്ച പറമ്ബത്ത് ജയാനന്ദനാ (50)ണ് ഈ അസുലഭ നിയോഗം ലഭിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ തെയ്യക്കോലങ്ങള്‍ സാംസ്കാരികോത്സവങ്ങളുടെ ഭാഗമായി കെട്ടിയാടിയിട്ടുണ്ടെങ്കിലും പൂർണമായ അനുഷ്ഠാനങ്ങളോടെ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നത് ആദ്യമായാണ്.

യുകെ യിലെ മുത്തപ്പൻ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15 ന് സൗത്ത് ആംപ്റ്റൻ ഒയാസിസ് അക്കാദമി ലോർഡ് ഷില്‍ 16 ന് സ്വിംഡൻ പഞ്ചാബി കമ്മ്യൂണിറ്റി സെൻ്റർ 22ന് മാഞ്ചസ്റ്റർ രാധാകൃഷ്ണ ടെംപിള്‍, 23ന് യോവില്‍ വില്ലേജ് ഹാള്‍ എന്നിവടങ്ങളിലാണ് ജയാനന്ദനും സംഘവും മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുക. ഇതിനായി ജയാനന്ദൻ പെരുവണ്ണാൻ്റെ നേതൃത്വത്തില്‍ ഒരാഴ്ച്ചയ്ക്കു ശേഷം യു.കെ യിലേക്ക് പുറപ്പെടും.

അക്ഷയ് മുണ്ടയാട്, സജില്‍ മടയൻ , വിനോദൻ പണിക്കർ, സനോജ് പണിക്കർ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ മുത്തപ്പൻ്റെ അണിയലങ്ങള്‍, തുളസി, ചെത്തി, കുരുത്തോല നിവേദ്യമായ മമ്ബയർ,,തേങ്ങയും ഇളനീരുംചെണ്ടവാദ്യങ്ങള്‍ എന്നിവയുമായാണ് സംഘത്തിൻ്റെ യാത്ര. വടക്കെ മലബാറിലെ വളരെ പ്രശസ്തനായ തെയ്യകോലക്കാരനാണ് ജയാനന്ദൻ പെരുവണ്ണൻ ഇദ്ദേഹം കെട്ടിയാടുന്ന വയനാട്ടുകുലവൻ തെയ്യത്തിന് ആരാധകർ ഏറെയുണ്ട്.

മടപ്പുരകളിലും വീടുകളിലും മുത്തപ്പൻ തിരുവപ്പനയും വെള്ളാട്ടവും ജയാനന്ദൻ പെരുവണ്ണാൻ കെട്ടിയാടാറുണ്ട്. ഇദ്ദേഹത്തിൻ്റെ തെയ്യക്കോലങ്ങളുടെ അന്യാദൃശ്യമായ ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ബ്രിട്ടീഷ് മലയാളികളില്‍ ചിലരാണ് അങ്ങോട്ട് ക്ഷണിച്ചത് നേരത്തെ ഗള്‍ഫിലും ഇദ്ദേഹം മുത്തപ്പൻ വെള്ളാട്ടം അവിടുത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം കെട്ടിയാടിയിട്ടുണ്ട്.

അനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ ദൈവിക അന്തരീക്ഷത്തില്‍ താൻ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടാറുള്ളുവെന്ന് ജയാനന്ദൻ പറഞ്ഞു. ഇതിനായി മാസങ്ങള്‍ മുൻപെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.അണിയലങ്ങള്‍ പുതുക്കി പണി താണ് ഇത്തവണത്തെ വിദേശ യാത്രയെന്നും ജയാനന്ദൻ വ്യക്തമാക്കി. നന്നെ ചെറുപ്പത്തില്‍ തന്നെ പിതാവിൻ്റെ ശിക്ഷണത്തില്‍ ജയാനന്ദൻ കണ്ണൂരിലെ കാവുകളില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്.

രൗദ്രമൂർത്തിയായ വയനാട്ടുകുലവനാണ് ഏറെ കെട്ടിയത്. ബ്രിട്ടനില്‍ ആദ്യമായാണ് മുത്തപ്പൻ വെള്ളാട്ടം കെട്ടുന്നത്. ലോകത്തിൻ്റെ മുഴുവൻ ആരാധ്യനായ മുത്തപ്പന് ഭക്തരെ അനുഗ്രഹിക്കാൻ ദേശമോ ഭാഷയോ കാലാവസ്ഥയോ പ്രശ്നമല്ല. മുത്തപ്പൻ്റെ സാന്ത്വനത്തിനായി കൊതിക്കുന്നവർക്ക് മുൻപില്‍ അനുഗ്രഹവർഷം ചൊരിയാൻ ഒരിക്കല്‍ കൂടി കടല്‍ കടന്നെത്തുകയാണ് ജയാനന്ദനും സംഘവും.

Mahesh Babu Oneindia

source: oneindia.com

Post a Comment

Previous Post Next Post