തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. ഈ നിർബന്ധിത ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും 4,000 വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഇക്കാര്യം ഒരിക്കൽക്കൂടി വ്യക്തമാക്കി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.
മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ 146 പ്രകാരം ഇന്ത്യൻ റോഡുകളിൽ ഓടുന്ന മോട്ടോർ വാഹനങ്ങൾക്ക് തേർഡ് പാർട്ടി റിസ്‍കുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പോളിസി ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ചൊവ്വാഴ്ച പ്രസ്‍താവനയിൽ അറിയിച്ചു. സാധുതയുള്ള മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് ഇല്ലാതെ ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് നിയമം ലംഘിച്ചതിന് തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം പ്രസ്‍താവനയിൽ മുന്നറിയിപ്പ് നൽകി.
ഒരു നിയമപരമായ ആവശ്യം എന്നതിന് പുറമേ, മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക എന്നത് ഉത്തരവാദിത്തമുള്ള റോഡ് ഉപഭോക്താവിൻ്റെ ഒരു പ്രധാന ഉത്തരവാദിത്തമാണെന്നും കാരണം ഇത് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകുമ്പോൾ ഇരകൾക്ക് പിന്തുണ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. തേർഡ് പാർട്ടി പോളിസി ഇല്ലാത്ത കുറ്റവാളികൾ 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിൻ്റെ സെക്ഷൻ 196 പ്രകാരം ശിക്ഷാർഹമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Post a Comment