കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ മയക്ക് മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ



കണ്ണൂർ:കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും മയക്ക് മരുന്നുമായി വിദ്യാർഥികളടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. വളപട്ടണം പള്ളിക്കുന്നുമ്പ്രം സ്വദേശി മുഹമ്മദ് സിനാൻ(20), വളപട്ടണം മന്ന സ്വദേശി മുഹമ്മദ് ഷെസീൻ(21), അഴീക്കോട് സ്വദേശി പി.പി ഫർസീൻ(20) എന്നിവരെയാണ് ഫോർട്ട് റോഡിലെ യോയോ സ്റ്റേയിൽ നിന്നും കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ കൈയിൽ നിന്നും 5.60 ഗ്രാം എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച വൈകുന്നേരം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ പരിശോധിക്കുകയായിരുന്നു. ഹോട്ടല്‍ റൂമിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍, ചെറുകവറുകള്‍, 1000 രൂപ, മൂന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പൊലിസ് പിടിച്ചെടുത്തു. പ്രതികളില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളാണ്.

ജില്ലയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് എം.ഡി.എം.എയും കഞ്ചാവുമെന്ന് പൊലിസ് പറഞ്ഞു. കണ്ണൂരില്‍ തന്നെയുള്ള മറ്റൊരു സംഘമാണ് പ്രതികള്‍ക്ക് മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്നതെന്നാണ് വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളു. കണ്ണൂര്‍ ടൗണ്‍ എസ്.ഐമാരായ സവ്യസച്ചി, കെ.രാജേഷ്, സി.പി.ഒമാരായ രാജേഷ്, വിനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post