നെടുമ്ബാശ്ശേരി: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു.
രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങി. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ ഏറ്റുവാങ്ങും.
വിമാനത്താവളത്തില്‍ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങള്‍ക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസില്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകള്‍ എത്തിച്ചിട്ടുണ്ട്.
മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തില്‍ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.
അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറിയ ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.
23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കേരളത്തില്‍ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവില്‍ കഴിയുന്ന ഏഴു പേരില്‍ നാലു പേർ കേരളത്തില്‍ നിന്നുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്ബില്‍ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്ബനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്.
കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തില്‍ നിന്നും ചിലർ താഴേക്ക് ചാടുകയും ചെയ്തു. തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി.
#kuwait #fire #tragedy #bodies #malayalees #were #brought #kochi
Post a Comment