തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകർച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ജലദോഷം, ചുമ, വൈറല്‍ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണമെന്നും മന്ത്രി പറഞ്ഞു.
മൂന്നുദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയോടുകൂടി ശ്വാസതടസ്സം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികള്‍, മുതിർന്നവർ, ഗർഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകുമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യർഥിച്ചു.
എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്ബർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്ബർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവർ മലിനജലവുമായി സമ്ബർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തില്‍ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.
Post a Comment