സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു; ശക്തമായ മഴയ്‌ക്ക് സാധ്യത


തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്.

മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് . റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇവയുടെ സ്വാധീനഫലമായാണ് മഴ. ശനിയാഴ്ചയോടെ കേരളാ തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post