നടുവിൽ: വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പണി തുടങ്ങിയ നടുവില്‍-ചെമ്ബന്തൊട്ടി-ശ്രീകണ്ഠപുരം റോഡില്‍ പലയിടത്തും അപകടക്കെണി.
പ്രവൃത്തി തുടക്കം മുതലേ മന്ദഗതിയിലായതോടെ വാഹനങ്ങളും യാത്രക്കാരും ദുരിതക്കയത്തിലായി.
നിടിയേങ്ങക്കവല കഴിഞ്ഞുള്ള ഇറക്കം മുതല്‍ പള്ളം വരെയുള്ള ഭാഗത്ത് അശാസ്ത്രീയമായാണ് മണ്ണ് നിരത്തിയതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. നിലവില്‍ മഴ തുടങ്ങിയതോടെ ഈ ഭാഗം ചളിപ്രളയമായി. നിത്യേന ഒട്ടേറെ ഇരുചക്രവാഹന യാത്രികരടക്കം ഇവിടെ അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണുള്ളത്.
രാത്രികാലങ്ങളിലടക്കം പുറമെ നിന്നെത്തുന്ന ഒട്ടേറെ വാഹനങ്ങള്‍ ഇവിടെ തെന്നി അപകടത്തിലായിട്ടുണ്ട്. വിദ്യാർഥികളും മറ്റ് കാല്‍നടയാത്രികരുമടക്കം ഇതുവഴി കടന്നുപോകാൻ വലിയ ദുരിതമാണനുഭവിക്കുന്നത്. കൊട്ടൂർവയല്‍ വേളായി ഭാഗം മുതല്‍ റോഡിന്‍റെ വശങ്ങളില്‍ കരിങ്കല്‍ ഭിത്തി നിർമാണം നടക്കുന്നുണ്ടെങ്കിലും വേഗം പോര.
പണിയുടെ ഭാഗമായി ശ്രീകണ്ഠപുരം - പയ്യാവൂർ റോഡ് ജങ്ഷനില്‍ കലുങ്ക് പുതുക്കി പണിയലിനായി റോഡില്‍ വലിയ കുഴിയെടുത്ത് വെച്ചത് മറ്റൊരു അപകടക്കെണിയാണ്. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെയും അപകടത്തില്‍പെട്ടത്.
മൂന്നുഭാഗങ്ങളില്‍നിന്ന് നിരവധി വാഹനങ്ങള്‍ രാത്രിയും പകലുമായി ഇതുവഴി പോകുന്നുണ്ട്. കലുങ്കിന് തൊട്ടടുത്ത് തന്നെ പ്രധാന ജങ്ഷനുള്ളത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. മറ്റിടങ്ങളിലെ കലുങ്കിന്‍റെ പണി ഏകദേശം പൂർത്തിയായെങ്കിലും പ്രധാന ജങ്ഷനിലുള്ള കലുങ്ക് പണി മാത്രം പൂർത്തിയാക്കാത്ത അവസ്ഥയാണുള്ളത്.
വാഹനങ്ങള്‍ കുഴികാണാതെ വലിയ അപകടത്തിലകപ്പെടാനുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. കാസർകോട്, കണ്ണർ ജില്ലകളിലെ കുടിയേറ്റ മലയോര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡാണിത്.
മൈസൂരു റോഡിലേക്കും ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്.
ചെറുപുഴയില്‍നിന്ന് മലയോര ഹൈവേ കടന്നു പോകുന്നതിനാല്‍ നടുവില്‍ ടൗണ്‍ വരെ നല്ല റോഡാണ്. ഹൈവേ പിന്നീട് പുറഞ്ഞാണ്‍ വഴി ചെമ്ബേരി-പയ്യാവൂർ വഴിയാണ് പോകുന്നത്. നടുവില്‍നിന്ന് ചെമ്ബന്തൊട്ടി-ശ്രീകണ്ഠപുരം വരെയുള്ള 10 കി.മി എത്തിപ്പെടാനാണ് അതിദയനീയ യാത്ര നടത്തേണ്ടിവരുന്നത്.
പാലക്കയം തട്ട്, മുന്നൂർ കൊച്ചി, കാപ്പിമല ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്ക് പോകാനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭയെയും
നടുവില്‍ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡുവഴി സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ പോകുന്നുണ്ട്. ദുരിതയാത്ര പതിവായിട്ടും റോഡുപണി വേഗത്തിലാക്കാൻ അധികൃതർ തയാറായിട്ടില്ല.
Post a Comment