ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.


ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. ആര്‍ആര്‍ടി, ഐഡിഎസ്പി യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിമരണങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം ശേഖരിക്കണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.


മണ്ണും മലിനജലവുമായും നിരന്തരമായി ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴവെള്ളത്തിലൂടെ നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തില്‍ കൂടി നടക്കേണ്ടി വരുന്നവര്‍ കാലും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. കണ്ണില്‍ ചുവപ്പ് കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ എലിപ്പനി സംശയിച്ച്‌ ഉടനടി ചികിത്സ തേടണം.


നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി സംശയിച്ച്‌ ഉടനടി ചികിത്സ തേടേണ്ടതാണ്. ശരീരവേദനയുണ്ടായാല്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വേദന സംഹാരി വാങ്ങി കഴിക്കരുത്. സ്വയംചികിത്സ പാടില്ല. ജലദോഷമുള്ളവര്‍ പ്രത്യേകമായി തൂവാല കരുതണം. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.


കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.



Post a Comment

Previous Post Next Post