ഇഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ നിന്നും മറ്റൊരു കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങള്‍ പുറത്ത്.
കാര്‍വാഷ് സെന്ററില്‍ ജോലിചെയ്തിരുന്ന രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തു നിന്നും വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍. ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രൂരമായ അതിക്രമത്തിന് ഇരയായ ഈ സ്ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് അവരുടെ സുഹൃത്ത് വെളിപ്പെടുത്തി. പിറ്റേദിവസം ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കാങ്‌പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നത്. യുവതികളെ നഗ്നരാക്കി നടത്തിയ കേസിലുണ്ടായ അലംഭാവം പോലീസിന്റെ ഭാഗത്തുനിന്നും ഈ കേസിലുമുണ്ടായി എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇതിനിടയില്‍ മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് പിന്നാലെ മിസോറമില്‍ മെയ്ത്തി വിഭാഗക്കാര്‍ താമസിക്കുന്ന മേഖലയില്‍ വൻ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. മിസോറാമിലെ ഐസാവലിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
മണിപ്പൂരില്‍ നടന്ന ലൈംഗിക അതിക്രമത്തില്‍ കടുത്ത വിമര്‍ശനമാണ് നാഗ വിഭാഗം ഉന്നയിക്കുന്നത്. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎല്‍എമാര്‍ വ്യക്തമാക്കി. ഈ എംഎല്‍എമാര്‍ ബിജെപിയിലെയും ബിജെപി സഖ്യകക്ഷി യിലെയും എംഎല്‍എമാരാണ്. കടുത്ത അതൃപ്തി പരസ്യമായി തുറന്നു പറഞ്ഞ ഇവര്‍ സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നുംം നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകള്‍ ആയിരിക്കാമെന്നും പറഞ്ഞു. മെയ്ത്തെയ് - കുക്കി കലാപത്തില്‍ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നതെന്നത് ശ്രദ്ധേയം.
Post a Comment