തളിപ്പറമ്പിൽ ഒരു ദിവസത്തിനിടെ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു; ഒരേ നായതന്നെയെന്ന് സംശയം



തളിപ്പറമ്പ് : നഗരത്തിൽ 15 പേർക്കുകൂടി തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു സംഭവം.

മുയ്യം വരഡൂലിലെ സുനിത ഗംഗാധരൻ (50), ഭ്രാന്തൻകുന്നിലെ താമസക്കാരനായ തലശ്ശേരി സ്വദേശി പൈക്കാട്ട് കുനിയിൽ ചന്ദ്രൻ (55), മന്ന പെട്രോൾപമ്പിടുത്ത കെ. ഇബ്രാഹിം (36), തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽലെ നഴ്സിങ് വിദ്യാർഥിനി ഉദയഗിരി പൂവ്വത്ത് ഹൗസിലെ സുചിത്ര (29), മന്ന സലാമത്ത് നഗറിലെ എം.പി. മുസ്തഫ (55), മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനി സായി നിവേദ് (13), നഗരസഭാ ഓഫീസിന് സമീപം ഹബീബ് നഗർ ആയിഷ മൻസിലിൽ മുഹമ്മദ് ഷംനാസ് അലി (10), കുപ്പത്തെ കെ. അലി (80), മന്നയിലെ വി. നഫീസ (60), കരിമ്പത്തെ നയ അഖിലേഷ് (18), ഫാറൂഖ് നഗറിലെ സി. ഖദീജ(80) ഭ്രാന്തൻകുന്ന് ശ്രീലയത്തിൽ രജിത(50)എന്നിവർക്കാണ് കടിയേറ്റത്.


പരിക്കേറ്റവരെ താലൂക്ക് ആസ്പത്രി, സഹകരണ ആസ്പത്രി എന്നിവിടങ്ങളിൽ പ്രഥമശുശ്രൂഷ നൽകി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് നഗരത്തിൽ സന്ധ്യക്ക് മൂന്നുപേർക്ക് കൂടി തെരുവുനായയുടെ കടിയേറ്റു. മുന്ന (40), ചോട്ടു (20), അള്ളാംകുളത്തെ ബോബൻ (52) എന്നിവർക്കാണ് കടിയേറ്റത്. മാർക്കറ്റിനു സമീപം ഗോദയിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടിയെ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ട് പേവിഷ ബാധയുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ജൂലായ് 13-ന് അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

സർ സയ്യിദ് കോളേജിന് സമീപം ഭ്രാന്തൻകുന്നിൽവെച്ചായിരുന്നു തുടക്കം. നടന്നുപോകുകയായിരുന്ന സുനിത ഗംഗാധരനെയും ചന്ദ്രനെയും കടിച്ച നായ സംസ്ഥാന പാതയ്ക്ക് സമീപത്തുവെച്ച് സിബിയെയൂം മന്ന ബസ് സ്റ്റോപ്പിൽവെച്ച് ഇബ്രാഹിം, സുചിത്ര എന്നിവരെയും കടിച്ചു.

Post a Comment

Previous Post Next Post