ഇന്ത്യക്ക് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്, ഇന്ത്യയ്ക്ക് 209 റൺസ് തോൽവി

 


ഓവൽ: ഒരു ദിവസം, 280 റൺസ് ദൂരം. അത് താണ്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ചാം ദിനം ഓവലിൽ കളിക്കാനിറങ്ങിയത്. കോലിയും രഹാനേയും ക്രീസിലുണ്ടെന്ന ആത്മവിശ്വാസവും ഇന്ത്യയ്ക്ക് കരുത്തേകിയിരുന്നു. പക്ഷേ ഓവലിൽ ഇന്ത്യ തകർന്നടിഞ്ഞു. പൊരുതിനോക്കാൻ പോലുമാകാതെ ബാറ്റർമാരെല്ലാം മടങ്ങിയതോടെ ഇന്ത്യയ്ക്ക് 209 റൺസ് തോൽവി. ഓസീസ് ഉയർത്തിയ 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 234 റൺസിന് ഓൾഔട്ടായി. അതോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഇത്തവണ സ്വന്തമാക്കാമെന്ന ആഗ്രഹങ്ങളുമായി പോരാടാനുറച്ചാണ് അഞ്ചാംദിനത്തിൽ വിരാട് കോലിയും അജിൻക്യ രഹാനേയും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയത്. നാലാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് വിജയിക്കാൻ 280 റൺസ് കൂടി വേണം. ഏഴ് വിക്കറ്റ് വീഴ്ത്തിയാൽ ഓസീസിനും വിജയിക്കാം. 44 റൺസെടുത്ത കോലിയും 20 റൺസെടുത്ത രഹാനേയും ക്രീസിലുള്ള ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ.

അവസാനദിനം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ടീം സ്കോർ 179-ൽ നിൽക്കേ സൂപ്പർതാരം വിരാട് കോലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ദിനം അഞ്ച് റൺസ് മാത്രമാണ് കോലിക്ക് കൂട്ടിച്ചേർക്കാനായത്. 49 റൺസെടുത്ത കോലിയെ ബോളണ്ട് പുറത്താക്കി. പിന്നാലെ ബോളണ്ട് വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആ ഓവറിലെ അഞ്ചാം പന്തിൽ ജഡേജയും കൂടാരം കയറി. രണ്ട് പന്ത് നേരിട്ട ജഡേജയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല. 

പിന്നീട് ക്രീസിലിറങ്ങിയ ശ്രീകർ ഭരതുമൊത്ത് രഹാനെ പതിയെ ഇന്ത്യൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 200-കടത്തി. എന്നാൽ 212-ൽ നിൽക്കേ രഹാനേയും പുറത്തായി. 46 റൺസെടുത്ത രഹാനേയെ സ്റ്റാർക്കാണ് പുറത്താക്കിയത്. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ ശാർദൂൽ താക്കൂറും ഉമേഷ് യാദവും വേഗം മടങ്ങി. ഉമേഷ് യാദവ് ഒരു റണ്ണെടുത്തപ്പോൾ താക്കൂറിന് റണ്ണൊന്നുമെടുക്കാനായില്ല. അതോടെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലായി. ടീം സ്കോർ 224-ൽ നിൽക്കേ ശ്രീകർ ഭരതിനെ നേതൻ ലയൺ പുറത്താക്കി. 23 റൺസാണ് താരത്തിന്റെ സമ്പാദ്യം.പിന്നാലെ സിറാജിനെ പുറത്താക്കി ലയൺ ഓസീസിന് വിജയം സമ്മാനിച്ചു.

Post a Comment

Previous Post Next Post