കോട്ടയം : കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോളജ് മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍. മാനേജ്‌മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച (02.06.2023) രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയില്‍ കോളജിലെ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിങ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു ശ്രദ്ധ. ലാബില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിന്നാലെ ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു.
മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ കോളജില്‍ നേരിട്ട് എത്തണമെന്നും പല സെമസ്റ്ററുകളിലായി ശ്രദ്ധയ്ക്ക് വിവിധ വിഷയങ്ങളില്‍ മാര്‍ക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെൻ്റും നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ശ്രദ്ധ.
അതേസമയം, മകളുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ് മാതാപിതാക്കള്‍. ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്‍റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
എന്നാല്‍, സംഭവത്തില്‍ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്താൻ പാടില്ലെന്നാണ് വിദ്യാര്‍ഥികള്‍ക്ക് കോളജ് മാനേജ്മെന്‍റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തില്‍ കുറ്റക്കാരെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് പ്രതിഷേധ സമരം നടത്തി.
അതേസമയം, വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്‍റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്കാണ് മന്ത്രി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കിയത്.
'കോളജിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതില്‍ താക്കീത്': തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ സതീഷ് ജൂണ്‍ ഒന്നിനാണ് അവധി കഴിഞ്ഞ് തിരിച്ച് കോളജില്‍ എത്തിയത്. കോളജിലെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് എച്ച്‌ഒഡി അടക്കം ശ്രദ്ധയ്‌ക്ക് താക്കീത് നല്‍കുകയായിരുന്നു. നേരത്തെ കോളജിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു എന്നതിന്‍റെ പേരിലും ശ്രദ്ധയെ കോളജ് അധികൃതര്‍ താക്കീത് ചെയ്‌തിരുന്നു. തുടരെയുണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് ശ്രദ്ധ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളും പറയുന്നത്.
'ഡോക്‌ടറോട് പറഞ്ഞത് തലകറങ്ങി വീണതെന്ന്': വെള്ളിയാഴ്‌ച രാത്രി ശ്രദ്ധയെ ഹോസ്‌പിറ്റലില്‍ എത്തിക്കുകയും കോളജ് അധികൃതര്‍ എട്ട് മണിയോടെ വീട്ടുകാരെ വിളിച്ച് ഉടൻ വരണമെന്ന് അറിയിക്കുകയും ചെയ്‌തു. കാഞ്ഞിരപ്പള്ളി പൊലീസാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച കോളജ് അധികൃതര്‍ വിദ്യാര്‍ഥിനി തലകറങ്ങി വീണതാണെന്നാണ് ഡോക്‌ടറോട് പറഞ്ഞത്.
ആത്മഹത്യ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നു. കോളജ് അധികൃതര്‍ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്നും ശ്രദ്ധയുടെ ബന്ധുക്കള്‍ ആരോപിച്ചു. ശ്രദ്ധയുടെ മരണം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Also read : മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു
Post a Comment