തിരുവനന്തപുരം: കെ-ഫോൺ പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഡിജിറ്റൽ ഡിവൈഡ് ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വൈദ്യുതി-ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളിൽ അത് 25 ശതമാനം മാത്രമാണ്. ആദിവാസി സമൂഹങ്ങൾക്കും ഇന്റർനെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തിൽ ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്നു, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം, വിദ്യാഭ്യാസം, വർക്ക് അറ്റ് ഹോം, റിമോട്ട് വർക്ക് പോലുള്ള ആവശ്യങ്ങൾക്ക് കെ-ഫോൺ പ്രയോജനം ചെയ്യും. മലയോര മേഖലകളിലും കെ-ഫോൺ ലഭ്യമാകും. ഇതുവഴി എല്ലാവരും റിയൽ കേരളാ സ്റ്റോറിയുടെ ഭാഗമാകുന്നെന്ന് ഉറപ്പുവരുത്തുകയാണ്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടുകുതിക്കാൻ സാർവത്രികമായി ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണ്. വിജ്ഞാന സംമ്പദ്ഘടനയായും നൂതനസമൂഹമായും കേരളത്തെ പരിവർത്തനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യമാണ് കെ-ഫോണിലൂടെ ഒരുക്കുന്നത്.
ഇതിലൂടെ കേരളത്തെയാകെ ഗ്ലോബൽ ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ്. ആഗോള മാനങ്ങളുള്ള നവകേരള നിർമിതിക്ക് ഇതുവഴി അടിത്തറയൊരുങ്ങുകയാണ്. ടെലികോം രംഗത്തെ കോർപ്പറേറ്റുകൾക്കെതിരെയുള്ള ജനകീയ ബദലാണ് കെ-ഫോൺ എന്നും അദ്ദേഹം പറഞ്ഞു. മറ്റ് സേവനദാതാക്കളേക്കാൾ കുറഞ്ഞ നിരക്കിലാവും കെ-ഫോൺ സൗകര്യങ്ങൾ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന സ്പീഡിലും ഒരേ ഗുണ നിലവാരത്തിലും കെ-ഫോണിന്റെ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-ഫോണിനും കിഫ്ബിക്കും സർക്കാരിന്റെ പുതിയ പദ്ധതികൾക്കും എതിരെ വിമർശനങ്ങളുയർത്തിയവർക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വകാര്യ സേവനദാതാക്കളുള്ളപ്പോൾ എന്തിനാണ് കെ-ഫോൺ എന്ന് ചോദിക്കുന്നവരുടെ താൽപര്യം മറ്റുപലതുമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് എന്തിനാണ് ഇന്റർനെറ്റെന്നും നൂതന ഗതാഗത സൗകര്യങ്ങളെന്നും പരസ്യമായി ചോദിക്കുന്നതിന് അവർ മടിക്കുന്നില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നില്ലേ? ആ മാറ്റങ്ങൾ ഇവിടെ വേണ്ടന്നാണോ ഇവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കെ-ഫോൺ പദ്ധതി നടപ്പാക്കലും വിഭവസമാഹരണവും കിഫ്ബിയിലൂടെയാണ് നടത്തിയത്. വികസന പ്രവർത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവൻ പ്രദേശങ്ങളിലും എത്തിക്കാൻ കിഫ്ബിയിലൂടെ സാധിച്ചിട്ടുണ്ട്. അത്തരം മാറ്റങ്ങൾ വന്നുകൂടാ എന്ന് ചിന്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരാണ് കിഫ്ബി തകർന്നുകാണാൻ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment