കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

 


കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഫുട്ബോള്‍കളിക്കുശേഷം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

ഒളവണ്ണ ചെറുകര കുഴിപുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകൻ കെ.പി. മുഹമ്മദ് ആദില്‍ (18), ഒളവണ്ണ ചെറുകര ടി.കെ. ഹൗസില്‍ അബ്ദുറഹീമിന്റെ മകൻ ടി.കെ. ആദില്‍ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. 


രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചേ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാൻവേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.


കുളിക്കുന്നതിനിടെ ആദില്‍ ഹസനാണ് ആദ്യം തിരയില്‍പ്പെട്ടത്. ഇതുകണ്ട് മുഹമ്മദ് ആദിലും ഒപ്പമുണ്ടായിരുന്ന മറ്റൊരുസുഹൃത്ത് നദീറും (17) കടലിലിറങ്ങി രക്ഷിക്കാൻശ്രമിച്ചു. എന്നാല്‍, പെട്ടെന്നുവന്ന തിരയില്‍ മുഹമ്മദ് ആദില്‍ പെട്ടുപോകുകയായിരുന്നു. നദീറിനെ തീരത്തുണ്ടായിരുന്നവര്‍ കരയ്ക്ക് കയറ്റുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കോസ്റ്റല്‍ പോലീസില്‍ മൊഴിനല്‍കി.


മത്സ്യത്തൊഴിലാളികളാണ് കടലിലിറങ്ങി ആദ്യം തിരച്ചില്‍ നടത്തിയത്. ഫിഷറീസിന്റെ മറൈൻ ആംബുലൻസും കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പോലീസ് നിയോഗിച്ച രണ്ടുവഞ്ചികളും തിരച്ചിലിന്റെ ഭാഗമായി. ബീച്ച്‌ ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. കളക്ടര്‍ എ. ഗീത, ഡി.സി.പി. കെ.ഇ. ബൈജു, കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ ഡെപ്യൂട്ടി കമാൻഡന്റ് എ. സുജേത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.


മുഹമ്മദ് ആദിലിന്റെ മാതാവ്: റൈനാസ്. സഹോദരി: നഹ്റിൻ നഫീസ. കെ.പി. മുഹമ്മദ് ആദില്‍ തളി സാമൂതിരി ഹയര്‍സെക്കൻഡറിയില്‍നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കി ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. റഹ്മത്താണ് ആദില്‍ ഹസന്റെ മാതാവ്. ഫാരിസ, അജ്മല്‍ എന്നിവര്‍ സഹോദരങ്ങള്‍. ആദില്‍ ഹസൻ മീഞ്ചന്ത സ്കൂളില്‍നിന്ന് പത്താംക്ലാസ് പൂര്‍ത്തിയാക്കി പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണ്.


പതിയിരിക്കുന്നത് അപകടങ്ങള്‍, എല്ലാവര്‍ഷവും ജീവൻപൊലിയുന്നു


കോഴിക്കോട്: കടലിലിറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യുന്നവര്‍, വെള്ളത്തിലിറങ്ങി സെല്‍ഫിയെടുക്കുന്നവര്‍, കൊച്ചുകുട്ടികളുള്‍പ്പെടെയുള്ളവരുമായി കുടുംബസമേതം ബീച്ചില്‍ ആഘോഷിക്കുന്നതിന് ഒരു കുറവും ഉണ്ടാവാറില്ല, പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. അപകടസാധ്യതയൊക്കെ പാടേ തള്ളിക്കളഞ്ഞാണ് കടലിലെ വിനോദം.


എല്ലാവര്‍ഷവും ബീച്ചിന്റെ പലഭാഗങ്ങളില്‍ അപകടമുണ്ടാവാറുണ്ട്. ചിലര്‍ രക്ഷപ്പെടുന്നുണ്ടെങ്കിലും മരണത്തിലേക്ക് പോകുന്നവരേറെ.


അപകടം, ഏറുന്ന മരണം


2022 ഏപ്രില്‍ 20-നാണ് ബീച്ച്‌ ഓപ്പണ്‍ സ്റ്റേജിന് പിന്നില്‍ എൻ.ഐ.ടി. വിദ്യാര്‍ഥി മുങ്ങിമരിച്ചത്. ഒരുപറ്റം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു രാജസ്ഥാൻ സ്വദേശിയായ വിദ്യാര്‍ഥി എത്തിയത്. 2021 ഡിസബംര്‍ 31-ന് 11 വയസ്സുള്ള കുട്ടി ലയണ്‍സ് പാര്‍ക്കിന് പിന്നില്‍ മുങ്ങിമരിച്ചു. കളിച്ചുകൊണ്ടിരിക്കെ തിരയില്‍പ്പെടുകയായിരുന്നു.


2021 ജനുവരി 27-നാണ് ലയണ്‍സ് പാര്‍ക്കിന് പിന്നില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചത്. 2019 ഏപ്രിലില്‍ ലയണ്‍സ് പാര്‍ക്കിന് പിറകില്‍ തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അച്ഛൻ മുങ്ങിമരിച്ചത്. കപ്പക്കല്‍ ബീച്ചില്‍ 2021 ഓഗസ്റ്റിലും ഭട്ട് റോഡ് ബീച്ചില്‍ ഡിസംബറിലും പുതിയങ്ങാടി എടക്കല്‍ ബീച്ചില്‍ നവംബറിലും മുങ്ങിമരണങ്ങളുണ്ടായി. പന്ത് കളിക്കുമ്ബോഴും കടലിനോട് ചേര്‍ന്ന് കല്ലുമ്മക്കായ പറിക്കുമ്ബോഴും മീൻപിടിക്കുമ്ബോഴുമെല്ലാം അപകടത്തില്‍പ്പെട്ടവരാണ് ഇവരില്‍ പലരും.


മുന്നറിയിപ്പുണ്ട്, ലൈഫ് ഗാര്‍ഡുമാര്‍വേണം


അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ബീച്ചില്‍ ഉണ്ടാകും. പക്ഷേ അതൊന്നും ആരും ശ്രദ്ധിക്കാറില്ല. അടിയൊഴുക്കുള്ളത് തിരിച്ചറിയില്ല. കടലില്‍ കുറേ ദൂരത്തേക്ക് പോകുന്നില്ലല്ലോ, തീരത്ത് ഇറങ്ങുക മാത്രമല്ലേ ചെയ്യുന്നത് എന്നുകരുതി പലരും തിരയില്‍ കളിക്കും. അപ്രതീക്ഷിതമായിട്ടായിരിക്കും അടിയൊഴുക്കില്‍പ്പെട്ട് കടലിലേക്കെത്തുക.


ലയണ്‍സ് പാര്‍ക്കിന് സമീപത്ത് ആളുകള്‍ ഇറങ്ങുന്നയിടം പുലിമുട്ടിന് സമീപമാണ്. തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിച്ച്‌ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. അതുപോലെ കടല്‍പ്പാലത്തില്‍ കയറി കളിക്കുമ്ബോഴും പലതരത്തില്‍നിന്ന് ഫോട്ടോയെടുക്കുമ്ബോഴും പതിയിരിക്കുന്ന അപകടം കാണാതെ പോകുന്നുണ്ട്.


ബീച്ചിലെത്തുന്നവരോട് പറഞ്ഞാല്‍പോലും കേള്‍ക്കില്ലെന്നാണ് ലൈഫ് ഗാര്‍ഡുമാര്‍ പറയുന്നത്. നിലവില്‍ സൗത്ത് ബീച്ചില്‍ ഒരാളും വടക്കേ കടല്‍പ്പാലത്തിന്റെ തെക്കുഭാഗത്ത് രണ്ടുപേരുമാണുള്ളത്. കടല്‍പ്പാലത്തിന്റെ വടക്ക് ലൈഫ് ഗാര്‍ഡുമാരില്ല. അവിടെയും ഭട്ട് റോഡിലുമെല്ലാം കൂടുതല്‍പ്പേരെ നിയമിക്കണമെന്ന് ലൈഫ് ഗാര്‍ഡുമാര്‍തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

Post a Comment

Previous Post Next Post