സംസ്ഥാനത്ത് വീണ്ടും പനി മരണം; തൃശ്ശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തിരുവനന്തപുരത്ത് കാട്ടാക്കട സ്വദേശിയും മരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശ്ശൂര്‍ ചാഴൂരില്‍ പനി ബാധിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.

കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക്കാണ് (13) മരിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂര്‍ എസ് എന്‍ എം എച് എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്‌ക്ക്. 


ഈ മാസം 17-ാം തീയതിയാണ് ധനുഷിനെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ചെയാണ് കുട്ടി മരിച്ചത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച്‌ കാട്ടാക്കട സ്വദേശി വിജയനാണ് മരിച്ചത്.


സംസ്ഥാനത്ത് വ്യാഴാഴ്ചയും പനി ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പരം പേരാണ് പനിബാധിച്ച്‌ ആശുപത്രികളില്‍ എത്തുന്നതെന്നും ഏറ്റവുമധികം പനി റിപോര്‍ട് ചെയ്തത് മലപ്പുറത്ത് നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 


അതേസമയം, സംസ്ഥാനത്തെ പകര്‍ചവ്യാധി വ്യാപനത്തില്‍ ആശങ്ക ഉയരുകയാണ്. പനി ബാധിച്ച്‌ യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ മരിച്ച മിക്കവരും 50 വയസിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച്‌ വിവരം ലഭിക്കാന്‍ കൃത്യമായ ഒരു മാര്‍ഗവുമില്ല. 


കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാര്‍ഥിക്ക് പ്രായം 13 മാത്രം. മൂന്ന് ദിവസമായി പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ ആറ് മരണങ്ങളില്‍ മൂന്നുപേരും യുവാക്കളാണ്. 18 വയസുള്ള ഐടിഐ വിദ്യാര്‍ഥി, 33 വയസുള്ള യുവാവ്, 32 വയസുള്ള യുവതി. 


സാധാരണ പകര്‍ചവ്യാധികളില്‍ പ്രായമാവരും മറ്റ് രോഗമുള്ളവര്‍ക്കുമാണ് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണവും ആശങ്കയുണ്ടാക്കുന്നതാണ്. 


വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനികുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ സ്വയം ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതോടെ പ്ലേറ്റ് ലെറ്റുകളുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവില്‍ പ്ലേറ്റ് ലെറ്റുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍കാരിന് നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

Previous Post Next Post