യുകെയിലെ ആരോഗ്യപരിരചരണ രംഗത്തുള്ള സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും യൂറോപ്യനിതര രാജ്യങ്ങളിൽനിന്നെന്ന് പഠനം. ഇതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നവരാകട്ടെ, ഇന്ത്യക്കാരും! ഓക്സ്ഫഡ് സർവകലാശാലയിലെ മൈഗ്രേറ്ററി ഒബ്സർവേറ്ററിയാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്.
മൈഗ്രേഷൻ ഒബ്സർവേറ്ററിയുടെ റിപ്പോർട്ട് പ്രകാരം, 2022-23 വർഷത്തിൽ രാജ്യത്തെ ഇമിഗ്രേഷൻ സമ്പ്രദായം അഭൂതപൂർവമാംവിധം ധാരാളം വിദേശജീവനക്കാരയാണ് ആരോഗ്യപരിപാലനരംഗത്തേയ്ക്ക് കൊണ്ടുവന്നത്. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കണക്കുകൾ പരിശോധിച്ചാൽ, 20 ശതമാനം ഡോക്ടർമാരും 46 ശതമാനം നഴ്സുമാരും ഇന്ത്യയിൽനിന്നാണെന്നു മനസ്സിലാക്കാം. രണ്ടാം സ്ഥാനത്ത് നൈജീരിയയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്. ഫിലിപ്പിൻസാണ് പട്ടികയിൽ നാലാമത്. 2022-ലെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (cos) ഉപയോഗിക്കുന്ന 33 ശതമാനം ആളുകളും ഇന്ത്യൻ പൗരത്വമുള്ളവരാണെന്നും പഠനത്തിൽ പറയുന്നുണ്ട്. സിംബാബ്വേയും നൈജീരിയയുമാണ് ഇക്കാര്യത്തിൽ തൊട്ടുപിന്നിൽ.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണക്കുറവിന്റെ പശ്ചാത്തലത്തിൽ, 2017 മുതൽ യുകെയിൽ നോൺയൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സ്കിൽഡ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയതാണ്. 2021 ലും 2022 ലുമാണ് റിക്രൂട്ട്മെന്റ് ഏറ്റവും കൂടുതൽ നടന്നത്. ദി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം യുകെയിലെ ആരോഗ്യ, സാമൂഹികരംഗത്തെ ഒഴിവുകൾ 2022 ജൂലൈ മുതൽ സെപ്തംബർ വരെ ഏകദേശം 2,17,000 ആയിരുന്നു. 2022 അവസാനം എത്തിയപ്പോൾ ഒഴിവുകളുടെ എണ്ണം കുറഞ്ഞുതുടങ്ങി. 2023 മാർച്ച് ആയപ്പോഴേക്കും 57,700 വിദേശതൊഴിലാളികൾക്കാണ് സ്കിൽഡ് വർക്കേഴ്സ് വിസ നൽകി ബ്രിട്ടൻ റിക്രൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Post a Comment