ആമസോണ്‍ വനത്തില്‍ കാണാതായ 4 കുട്ടികളെയും 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി



ബഗോട്ട: വിമാനം തകര്‍ന്ന് കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോണ്‍ മഴക്കാടില്‍ കാണാതായ നാലു കുട്ടികളെ കണ്ടെത്തി.

ജേക്കബോംബെയര്‍ മുകുതുയ് (13), സോളിനി ജേക്കോബോംബെയര്‍ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (11 മാസം) എന്നീ കുട്ടികളെയാണ് 40 ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്‍റെ പ്രത്യേക ദൗത്യസംഘം കണ്ടെത്തിയത്.


കൊളംബിയൻ പ്രസിഡന്‍റ് ഗസ്റ്റാവോ പെട്രോയാണ് ട്വീറ്റിലൂടെ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 'രാജ്യത്തിനാകെ സന്തോഷം! 40 ദിവസം മുമ്ബ് കൊളംബിയൻ കാട്ടില്‍ കാണാതായ 4 കുട്ടികള്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു' -പെട്രോയുടെ ട്വീറ്റ്. 


കുഞ്ഞുങ്ങള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളതെന്നും സൈന്യം അറിയിച്ചു. മേയ് ഒന്നിനാണ് കുട്ടികളടക്കമുള്ള സംഘം യാത്ര ചെയ്ത ചെറുവിമാനം വനത്തില്‍ തകര്‍ന്നു വീണത്.


സെസ്ന 206 എന്ന വിമാനം അറാറക്വാറയില്‍ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് ഡേല്‍ ഗൊവിയാരെ നഗരത്തിലേക്ക് പറന്നുയര്‍ന്നത്. 350 കിലോ മീറ്റര്‍ യാത്ര ആരംഭിച്ച്‌ ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എൻജിൻ തകരാര്‍ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


നിമിഷങ്ങള്‍ക്കകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.ദിവസങ്ങള്‍ക്കു ശേഷം മേയ് 15ന് കുട്ടികളുടെ അമ്മ മഗ്ദലീന മുകുതുയ്, പ്രാദേശിക നേതാവ്, പൈലറ്റ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഭര്‍ത്താവ് മാനുവല്‍ റനോക്കിനൊപ്പം താമസിക്കാനായാണ് അമ്മയും മക്കളോടൊപ്പം ബൊഗോട്ടയിലേക്ക് യാത്ര തിരിച്ചത്. 


എന്നാല്‍, കുട്ടികളെക്കുറിച്ച്‌ അപകടം നടന്ന സ്ഥലത്തു നിന്നും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നാണ് കുട്ടികള്‍ വിമാനപകടം നടന്ന സ്ഥലത്തു നിന്നും നടന്നു തുടങ്ങിയതായി വ്യക്തമായത്. 


കുട്ടികള്‍ പോയ വഴികളില്‍ പാതി കഴിച്ച പഴങ്ങളും ഷൂകളും ഒരു ഡയപറും രക്ഷാ ദൗത്യസംഘം കണ്ടെത്തി. തെളിവുകള്‍ സൂചിപ്പിക്കുന്നത് കുട്ടികള്‍ ജീവനോടെയുണ്ടെന്ന് തന്നെയാണെന്ന് ദൗത്യ സംഘം തലവൻ ജനറല്‍ പെഡ്രോ സാഞ്ചെസ് സ്ഥിരീകരിച്ചു.


കുട്ടികള്‍ക്കായി ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറിയിരുന്നു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ലൗഡ് സ്പീക്കറില്‍ കേള്‍പ്പിച്ചു. പുള്ളിപ്പുലിയുടെയും വിഷപ്പാമ്ബുകളുടെയും വിഹാര കേന്ദ്രവും മയക്കുമരുന്ന് കടത്തുന്ന സായുധ സംഘങ്ങളുടെ താവളവുമാണ് ആമസോണ്‍ മഴക്കാട്. ഇവിടെ നിന്നാണ് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. 


Post a Comment

Previous Post Next Post