വയനാട് മേപ്പാടിയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു; സംസ്ഥാനത്ത് 12 ദിവസത്തിനിടെ നാലാമത്തെ മരണം

 


വയനാട്: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. വയനാട് മേപ്പാടി സ്വദേശി ചെമ്ബോത്തറ കല്ലുമലയി ഊരിലെ സിമിയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അതിശക്തമായ മഴയോടു കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. സിമിയെ ഉടൻ തന്നെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംസ്ഥാനത്ത് അടുത്തിടെ ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയില്‍ നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.


ജൂണ്‍ ഒന്നിന് തൊടുപുഴയില്‍ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡില്‍ നിന്ന് ഇടിമിന്നലേറ്റയാള്‍ മരിച്ചിരുന്നു. പൂപ്പാറ സ്വദേശി രാജ ചികിത്സയിലിരിക്കേ മരിച്ചത്. എട്ട് പേര്‍ക്കായിരുന്നു ഇവിടെ ഇടിമിന്നലേറ്റത്. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്ബോഴാണ് ഇടിമിന്നല്‍ ഉണ്ടായത്.


- രാജ്യത്ത് ഇടിമിന്നല്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; കൂടുതലും ഗ്രാമപ്രദേശങ്ങളില്‍


മെയ് 30 ന് മുമ്ബ് കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് കാരമ്ബാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ(38) ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വീടിന് പുറത്തു നില്‍ക്കുമ്ബോഴായിരുന്നു ഷീബയ്ക്ക് മിന്നലേറ്റത്.


മെയ് 22 ന് കോട്ടയം കോട്ടയത്ത് ഗൃഹനാഥനും ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. വൈകിട്ട് വീട്ടുമുറ്റത്ത് ഇരിക്കുമ്ബോഴായിരുന്നു അപകടം.


രാജ്യത്ത് ഇടിമിന്നല്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ വര്‍ധനവുണ്ടാകുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 2020-നും 2021-നും ഇടയില്‍ ഇടിമിന്നല്‍ മൂലം രാജ്യത്ത് 1,697 മരണങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


- ഇടിമിന്നല്‍ പതിവായി; വീടുകള്‍ തകര്‍ന്നു; കന്നുകാലികള്‍ ചത്തൊടുങ്ങി, ഭയന്ന നാട്ടുകാര്‍ ഗ്രാമം ഉപേക്ഷിച്ചു


ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍


പൊതു നിര്‍ദ്ദേശങ്ങള്‍


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.


മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.


ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.


ജനലും വാതിലും അടച്ചിടുക.


ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.


ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.


ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.


കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.


ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.


വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.


വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.


ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാൻ പാടില്ല.


പട്ടം പറത്തുവാൻ പാടില്ല.


തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.


ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.


ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.


മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാൻ മടിക്കരുത്‌. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്‌


വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്ബോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്


കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്


ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Post a Comment

Previous Post Next Post