മട്ടന്നൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തിങ്കളാഴ്ച കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 1.05-ന് വ്യോമസേനാ വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. തുടർന്ന് ജഗ്ദീപ് ധൻകറുടെ അധ്യാപികയായിരുന്ന പാനൂർ ചമ്പാട്ടെ രത്നാ നായരെ കാണുന്നതിന് റോഡ് മാർഗം അവരുടെ വീട്ടിലേക്ക് പോകും. സന്ദർശനത്തിനുശേഷം 2.25-ന് മട്ടന്നൂരിലേക്ക് മടങ്ങും. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഐ.ജി. നീരജ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 1300-ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്ന്യസിച്ചത്.
വിമാനത്താവളം, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, കതിരൂർ, പിണറായി, മമ്പറം ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതി കടന്നുപോകുന്ന റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. വാഹനവ്യൂഹം കടന്നുപോകുന്ന സമയം മറ്റു വാഹനങ്ങളെ നിയന്ത്രിക്കും.
Post a Comment