ചെറുപുഴ: ചെറുപുഴ പാടിച്ചാലിൽ ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലയ്ക്ക്
ശേഷമുള്ള ആത്മഹത്യയെന്ന് സംശയം. പാടിച്ചാൽ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിൻ(12) സൂരജ്(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭർത്താവ് ഷാജി എന്നിവരെയാണ് പാടിച്ചാലിലെ ശ്രീജയുടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം. ജീവനൊടുക്കുന്നതിന് മുൻപ് ശ്രീജ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാൻ പോവുകയാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ നാട്ടുകാരെയും പോലീസ് വിവരമറിയിച്ചിരുന്നു. എന്നാൽ നാട്ടുകാരും പോലീസും വീട്ടിലെത്തിയപ്പോൾ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.
ശ്രീജയുടെയും ഷാജിയുടെയും രണ്ടാംവിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുൻപാണ് വിവാഹിതരായത്. തുടർന്ന് ഷാജി ശ്രീജയ്ക്കൊപ്പം താമസം ആരംഭിച്ചു. പാടിച്ചാലിലെ വീട്ടിൽ ശ്രീജയും
ഷാജിയും താമസിക്കുന്നതിനെച്ചൊല്ലി ആദ്യഭർത്താവ് സുനിലുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭർത്താവ് സുനിൽ ഏതാനുംദിവസങ്ങളായി മറ്റൊരിടത്താണ് താമസം. ശ്രീജയ്ക്കെതിരേ സുനിൽ പോലീസിലും പരാതി നൽകിയിരുന്നു. ഇവരുടെ പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചർച്ച നടത്താനും പോലീസ് തീരുമാനിച്ചു. ഇതിനിടെയായിരുന്നു അഞ്ചുപേരുടെയും മരണം.
മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ആദ്യഭർത്താവ് സുനിലും ശ്രീജയും തമ്മിൽ യാതൊരുപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യഭർത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടർന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനിൽ പോലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭർത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
ശ്രീജയുടെ രണ്ടാംവിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരിയുടെയും പ്രതികരണം. ശ്രീജയുടെ ആദ്യഭർത്താവ് സുനിൽ നല്ല സ്വഭാവക്കാരനാണ്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച വാട്സാപ്പിൽ ഫോട്ടോ കണ്ടതോടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നും ശ്രീജയുടെ സഹോദരി പറഞ്ഞു.
Post a Comment