കണ്ണൂര്‍: ഭാവിയില്‍ കേരളത്തിലെ റോഡുകള്‍ക്ക് ഒറ്റ ഡിസൈന്‍ എന്ന ആശയത്തിലേക്ക് മാറാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പുനര്‍നിര്‍മ്മിച്ച മൂന്നാം പാലത്തിന്റെയും മൂന്ന് പെരിയ സൗന്ദര്യത്കരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാവിയില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്ബോള്‍ ഒറ്റ ഡിസൈന്‍ എന്ന ആശയത്തില്‍ സംസ്ഥാനത്ത് ഡിസൈന്‍ പോളിസി രൂപീകരിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ആലോചനയിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട ആര്‍ക്കിടെക്ടുകളെ പങ്കെടുപ്പിച്ചുള്ള ശില്പശാല സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലെ റോഡുകള്‍ ജനസാന്ദ്രത നിറഞ്ഞതാണ്. ഇവ കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും സൗകര്യപ്രദമാകുന്ന രീതിയില്‍ നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലെവല്‍ ക്രോസുകള്‍ കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവ കാരണം സമയനഷ്ടം ഉണ്ടാകുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി റെയില്‍വേയുമായി ബന്ധപ്പെടുത്തി റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എകെജിയുടെ പ്രവര്‍ത്തന മേഖലയായിരുന്നു മൂന്നു പെരിയ. അതുകൊണ്ടുതന്നെ ഇവിടെ നടത്തിയിട്ടുള്ള സൗന്ദര്യവത്കരണ പ്രവൃത്തിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തിയത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.മൂന്നാം പാലത്ത് പുനര്‍നിര്‍മ്മിച്ച പാലത്തിന് 11.90 മീറ്റര്‍ നീളവും ഇരു ഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയുമുണ്ട്. കൂത്തുപറമ്ബ് ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും കണ്ണൂര്‍ ഭാഗത്ത് 40 മീറ്റര്‍ നീളത്തിലും കൂടാതെ എകെജി റോഡില്‍ 48 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡുകളും പാര്‍ശ്വഭിത്തിയും ഡ്രൈനേജും നിര്‍മ്മിച്ചിട്ടുണ്ട്. മൂന്നുപെരിയ ടൗണ്‍ സൗന്ദര്യവല്‍ക്കരണം ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് പബ്ലിക് സ്പേസ് എന്ന ആശയത്തില്‍ രൂപീകരിച്ചതാണ്. ഇതിന്റെ ഭാഗമായി അലങ്കാരവിളക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നവീകരണം, പൊതു കിണര്‍ മോടിപിടിപ്പിക്കല്‍ എന്നിവ നടപ്പാക്കി. മതിലില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഇതിഹാസനായകരുടെ ചിത്രങ്ങളും നാട്ടിലെ വിശിഷ്ട വ്യക്തികളുടെ ഛായാചിത്രം ഉള്‍ക്കൊള്ളിച്ച ചിത്രപ്പണികളും സ്ഥലങ്ങളുടെ പ്രാധാന്യം ആസ്പദമാക്കി എല്‍ഇഡി സൈനേജ് നെയിം ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 55 ലക്ഷം രൂപയാണ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തിക്കായി ചെലവഴിച്ചത്.

Post a Comment