കണ്ണൂര്‍: തന്റെ മണ്ഡലമായ ഇരിക്കൂര്‍ ഉള്‍പ്പടെയുളള കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമങ്ങളിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ വെട്ടിക്കുറിച്ച ജനദ്രോഹ നടപടിക്കെതിരെ ഇരിക്കൂര്‍ എംഎല്‍എ അഡ്വ.
സജീവ് ജോസഫ് കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനു സമാനമായ പ്രശ്നം നിലനില്‍ക്കുന്ന പേരാവൂരിലെ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് മലയോര മേഖലയിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന നിരവധി ബസുകളാണ് അകാരണമായി നിര്‍ത്തലാക്കിയിരിക്കുന്നതെന്നു നേരത്തെ എംഎല്‍എ ഗതാഗതവകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിലെ മലയോര ഗ്രാമങ്ങളിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുന്നതിന് സജീവ് ജോസഫ് നിയമസഭയില്‍ സബ്മിഷന്‍ ഉള്‍പ്പെടെ ഉന്നയിക്കുകയും ഈ വിഷയത്തില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുകയും ചെയ്തു.
തുടര്‍ന്ന് രണ്ട് ബസുകള്‍ സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരെണ്ണം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്നാണ് എംഎല്‍എ സമരത്തിന് ഇറങ്ങിയത്. സര്‍വ്വീസ് നിര്‍ത്തലാക്കിയ ബസുകള്‍ പുനസ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രിയോടും, കെഎസ്‌ആര്‍ടിസി അധികാരികളോടും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെയായി ആനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ സമരത്തിന് മുന്നിട്ടിറങ്ങിയത്. ഗതാഗത മന്ത്രി ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. മലയോര മേഖലയിലെ വിവിധ ജനപ്രതിനിധികളും, യുഡിഎഫ് നേതാക്കളും സമരത്തിന് പിന്തുണയുമായെത്തി. യുഡിഎഫ് നേതാക്കളായ പി.ടി മാത്യു, അബ്ദുല്‍കരീം ചേലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
'
Post a Comment