മറുനാടന്‍ മലയാളിക്ക് കനത്ത തിരിച്ചടി, എം എ യൂസഫലിക്കെതിരായ വാര്‍ത്തകള്‍ നീക്കണം; ദില്ലി ഹൈക്കോടതി നിര്‍ദേശം



ദില്ലി: ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോര്‍ട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം.

ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ചാനല്‍ നിര്‍ത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിര്‍ദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുൻ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു.

Post a Comment

Previous Post Next Post