150 കോടി ക്ലബ്ബിലേക്ക് മലയാള ചലച്ചിത്ര മേഖല ! റെക്കോര്‍ഡ് നേട്ടത്തില്‍ '2018'

 


മലയാള സിനിമയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയെക്കുറിച്ച്‌ ചലച്ചിത്ര മേഖലയ്ക്ക് ദിശാസൂചകങ്ങളായിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്.

50, 100 കോടി ക്ലബ്ബുകളിലേക്ക് മലയാളം ആദ്യം പ്രവേശിച്ചതും മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആയിരുന്നു. എന്നാല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റെന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം തകര്‍ക്കപ്പെടാതെ കിടന്നു. എന്നാല്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, പുതിയൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018.


പ്രമുഖ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരമാണ് ഇത്. പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷനെ 2018 നേരത്തെ മറികടന്നിരുന്നു. 150 കോടി നേട്ടത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറെങ്കില്‍ 2018 യുഎസിലും യൂറോപ്പിലുമൊക്കെ അത്തരത്തിലുള്ള പ്രതികരണം നേടി. പ്രദര്‍ശനത്തിന്‍റെ മൂന്നാം വാരത്തിലും പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്താനായി എന്നത് മലയാള സിനിമയ്ക്ക് വലിയ അഭിമാനവും പ്രതീക്ഷയും പകരുന്ന ഒന്നാണ്.

Post a Comment

Previous Post Next Post