ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തും ചെങ്കൽപേട്ടയിലുമായുണ്ടായ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ചൊവ്വാഴ്ച അഞ്ച് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. ചെങ്കൽപ്പേട്ടയിൽ മൂന്നുപേരും വില്ലുപുരത്ത് രണ്ട് പേരുമാണ് ഇന്ന് മരിച്ചത്.
വില്ലപുരം മരക്കാനത്തത്തിനടുത്തുള്ള എക്കിയാർകുപ്പത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരാണ് മരിച്ചത്. 40 ലധികം പേർ മുണ്ടിയമ്പാക്കം, ഡിണ്ടിവനം, പുതുച്ചേരി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. ചെങ്കൽപേട്ട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ വ്യാജമദ്യം കഴിച്ച് രണ്ട് സ്ത്രീകളടക്കം എട്ട് പേർ മരിച്ചു. അഞ്ച് പേർ ചെങ്കൽപേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറമേ നാലു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ചികിത്സയിൽ കഴിയുന്നവരെ ഇന്നലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. വ്യാജമദ്യം നിർമിക്കുന്നവരെ പിടികൂടാൻ ഡിജിപി സി. ശൈലേന്ദ്ര ബാബു വിന്റെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് നടപടി തുടങ്ങിയതായി സ്റ്റാലിൻ പറഞ്ഞു.
Post a Comment