ആലക്കോട്:കാട്ടുപന്നികളെ പേടിച്ച് കൃഷി ഉപേക്ഷിക്കുകയാണ് മലയോരത്ത് പലരും. പന്നിയെ പേടിച്ച് റബർ ടാപ്പിംഗ് ഉപേക്ഷിച്ചവരും ഉണ്ട്. കാട്ടുപന്നികൾ കർഷകരെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്.
കുടിയേറ്റ കർഷകർ ഒരു പതിറ്റാണ്ട് കാലം രാവും പകലും പണിയെടുത്ത് ഉണ്ടാക്കിയ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കർഷകർ വച്ചുപിടിപ്പിക്കുന്ന റബർ, തെങ്ങ്, കവുങ്ങ് , വാഴ, ചേന, ചേമ്പ്, പച്ചക്കറികൾ വരെ കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിക്കുന്നു.
കർണാടക വനത്തിനോട് ചേർന്ന് കിടക്കുന്ന മണക്കടവ്, മാന്പൊയിൽ, കാപ്പിമല, ഉദയഗിരി, അരിവിളഞ്ഞപൊയിൽ, പരപ്പ പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം വ്യാപകമായിരിക്കുകയാണ്.
ഒരു കാലത്ത് രാത്രിയിൽ മാത്രം സഞ്ചരിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ വേനക്കാലം രൂക്ഷമായതോടെ തീറ്റ തേടിയും വെള്ളം കുടിക്കാനും പകൽ സമയങ്ങളിൽ പോലും ജനവാസ മേഖലകളിൽ ഇറങ്ങുകയാണ്.
മൃഗങ്ങൾ നശിപ്പിച്ച കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ പോലും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. മുള്ള് വേലികെട്ടിയും ആധുനിക രീതിയിലുള്ള കെണികൾ വച്ചും കാട്ടുമൃഗങ്ങളെ തുരത്താൻ വാർഡ് തലത്തിൽ തന്നെ ക്രമീകരണം ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനായി പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ വേണം. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ലൈസൻസ് ഉള്ളവരെ ചുമതലപ്പെടുത്തണം.
Post a Comment