തിരുവനന്തപുരം : ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ടെലി കമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ഒടിടിയെ കരട് ബില്ലില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. വാട്സ്‌ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ഇന്റര്‍നെറ്റ് കോളിങ് ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കും ലഭ്യമാക്കാന്‍, സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്.
ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും ഒടിടി ആപ്പുകളെ ടെലി കമ്യൂണിക്കേഷന്‍ സേവനമായും കരട് ബില്ലില്‍ ഉള്‍പ്പെടുത്തി. ബില്‍ നിയമമാകുന്നതോടെ ടെലികോം കമ്ബനികള്‍ക്കായുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ആപ്പുകള്‍ക്കും ബാധകമാവും. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കുന്ന പക്ഷം ഫീസ് തിരിച്ചു നല്‍കാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ബില്ല് നിലവില്‍ വരുന്നത്തോടെ യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാകും. ബില്ലിന്മേല്‍ ഒക്ടോബര്‍ 20 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കന്‍ അവസരമുണ്ട്.
Post a Comment