ഒക്‌ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് 5ജി ; ഉദ്‌ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

 


ന്യൂഡല്‍ഹി : രാജ്യത്ത് അവതരിപ്പിക്കുന്ന 5ജി സേവനങ്ങളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഒക്‌ടോബര്‍ ഒന്നിനാണ് ചടങ്ങ്. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ബ്രോഡ് ബാന്‍ഡ് മിഷനാണ് ഇതുസംബന്ധിച്ച വിവരം ട്വീറ്റ് ചെയ്‌തത്‌.

'ഇന്ത്യയുടെ ഡിജിറ്റല്‍ രൂപമാറ്റവും ലഭ്യതയും പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്ത് 5ജി സേവനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി പ്രദര്‍ശനമായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് ഇതിന് തുടക്കമിടുക' - ദേശീയ ബ്രോഡ് ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്‌തു.

ഒക്‌ടോബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുക. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ഒക്‌ടോബര്‍ ഒന്നിന് തന്നെ 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഈ സേവനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവന ദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീയതി മാറ്റിയത്.

Post a Comment

Previous Post Next Post