മാളിയേക്കല്‍ മറിയുമ്മ എന്ന ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു

 


തലശ്ശേരി: ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടി പ്രശസ്തയായ തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു.

മുസ്ലിം സ്ത്രീകള്‍ പൊതു വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ഇന്നത്തെ 10ാം ക്ലാസിന് തുല്യമായ ഫിഫ്ത്ത് ഫോറം പാസായ മറിയുമ്മ, ജോലി സമ്ബാദിക്കുക എന്നതിനേക്കാള്‍ ഭാഷ വശത്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പഠനം നടത്തിയത്. 1938ല്‍ തലശ്ശേരി കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച മറിയുമ്മ അവസാന കാലം വരെ നിത്യവും ഇംഗ്ലീഷ് ദിനപത്രം വായിക്കുമായിരുന്നു.


ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ പിതാവ് മതപണ്ഡിതനായ ഒ.വി. അബ്ദുല്ല മറിയുമ്മയെയും സഹോദരങ്ങളെയും വിദ്യാഭ്യാസം ചെയ്യിച്ചത്. കന്യാസ്ത്രീകള്‍ നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലായിരുന്നു പഠനം. 1943ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ സ്കൂളില്‍ പോയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

വിവാഹ ശേഷം ഉമ്മാമ കുഞ്ഞാച്ചുമ്മ 1935 ല്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ കൂടുതല്‍ സജീവമായി. എം.ഇ.എസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് മറിയുമ്മയും ഇവരുടെ മാളിയേക്കല്‍ തറവാടും. 1970ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ മറിയുമ്മ മുസ്‍ലിം വുമണ്‍ എഡുക്കേഷന്‍ എന്ന വിഷയത്തില്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ മറിയുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സാക്ഷരതാ ക്ലാസ്സുകളും തയ്യല്‍ ക്ലാസ്സുകളും നടത്തിയിരുന്നു.

Post a Comment

Previous Post Next Post