മൊബൈല്‍ ആപ്പുകള്‍ക്ക് വീണ്ടും പൂട്ടിട്ട് കേന്ദ്രം

 


348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്രം നിരോധിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നുവെന്ന് കരുതുന്ന ആപ്ലിക്കേഷനുകള്‍ അടച്ചുപൂട്ടി.


ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് നിരോധിച്ചതെന്ന് വ്യക്തമല്ല.

ബാറ്റില്‍ റോയല്‍ ഗെയിം പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ മെയ് 3ന് കേന്ദ്രം നിരോധിച്ചിരുന്നു. ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ അല്ലെങ്കില്‍ ബിജിഎംഐക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്രഹാര്‍ എന്ന എന്‍ജിഒ ഗെയിമിനെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. നേരത്തെ രാജ്യം നിരോധിച്ച അതേ പബ്ജിയാണ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് കളി ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള പബ്ജിയുടെ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇത് ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. കഥാപാത്രങ്ങള്‍, സ്ഥലം, വസ്ത്രം, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരു ‘ഇന്ത്യന്‍ ടച്ച്‌’ ഉള്ള ഒരു ഗെയിമാണിത്.


കാലവര്‍ഷം: ജില്ലയില്‍ 4.23 കോടി രൂപയുടെ കൃഷിനാശം

കണ്ണൂര്‍ : കാലവര്‍ഷ കെടുതിയിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ വ്യാപക കൃഷി നാശം. ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ 68.56 ഹെക്ടറില്‍ 4.23 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്.

വാഴ കര്‍ഷകര്‍ക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറില്‍ 551 വാഴ കര്‍ഷകരുടെ കൃഷി നശിച്ചു. 20840 കുലച്ച വാഴകളും 9235 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.


175 കര്‍ഷകരുടെ 3560 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ഇതില്‍ 2060 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉള്‍പ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായി.


392 കേര കര്‍ഷകരുടെ 2180 തെങ്ങുകള്‍ നശിച്ചു. കുലച്ച 1000 തെങ്ങുകളും ഒരു വര്‍ഷത്തിലേറെ പ്രായമുള്ള 1050 തൈകളും, കുലയ്ക്കാത്ത 130 തെങ്ങുകളും ഉള്‍പ്പടെ 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കര്‍ഷകര്‍ക്കുണ്ടായത്.

152 കര്‍ഷകരുടെ 6300 കശുമാവുകള്‍ നശിച്ചതില്‍62.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 101 കുരുമുളക് കര്‍ഷകരുടെ 3.80 ഹെക്ടര്‍ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

309 കര്‍ഷകരുടെ 5590 കവുങ്ങുകള്‍ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2840 എണ്ണം കുലച്ചതും 2750 എണ്ണം തൈകളുമാണ് നശിച്ചത്.

34 കര്‍ഷകരുടെ 2 ഹെക്ടര്‍ കിഴങ്ങു വിളവര്‍ഗങ്ങള്‍ നശിച്ചു. 90,000 രൂപയുടെ നാശനഷ്ടമുണ്ടായി. 52 മരച്ചീനി കര്‍ഷകരുടെ 2.800 ഹെക്ടര്‍ കൃഷി നശിച്ചതില്‍ 36,000 രൂപയുടെ നാശനഷ്ടമുണ്ടായി. 50 കര്‍ഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

25 കര്‍ഷകരുടെ 60 എണ്ണം കൊക്കോ മരങ്ങള്‍ നശിച്ചു. 21,000 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 0.400 ഹെക്ടറില്‍ കൃഷി ചെയ്യുന്ന മൂന്ന് പന്തല്‍ പച്ചക്കറി കര്‍ഷകരുടെ കൃഷിക്ക് നാശമുണ്ടായി. 18,000 രൂപയുടെ നഷ്ടമാണുണ്ടായത്.

Post a Comment

Previous Post Next Post