തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇതോടെ ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്.
ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ഇന്നും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും. വ്യാഴാഴ്ച കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ചെറിയ അണക്കെട്ടുകൾകൂടി തുറന്നതോടെ നദികൾ പലതും കരകവിഞ്ഞൊഴുകുകയാണ്. ചില വൻകിട അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. മത്സ്യബന്ധനത്തിനും അടുത്ത രണ്ടു ദിവസം നിരോധനം ഏർപ്പെടുത്തി. മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം മാത്രം നൂറിലേറെ വീടുകൾ തകർന്നു.
ജൂലൈ 31 മുതൽ ഇന്ന് വരെ സംസ്ഥാനത്താകെ 14 പേർ മഴക്കെടുതിയിൽ മരിച്ചു. കണ്ണൂർ കണിച്ചാർ വില്ലേജിലെ പുളക്കുറ്റി, വെള്ളറ, നെടുപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം നാലു പേർ മരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി- ഓരോരുത്തർ വീതവും മരിച്ചു.
ചൊവ്വാഴ്ച മാത്രം 24 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്തു തകർന്ന വീടുകളുടെ എണ്ണം 130 ആയി.
Post a Comment