ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം. ഭാരോദ്വഹനത്തില്‍ ഇ ന്ത്യയുടെ അചിന്ത ഷിവലിയാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റിക്കാർഡോടെയാണു സ്വർണ നേട്ടം. 20-കാരനായ അചിന്ത ആകെ 313 കിലോയാണ് ഉയർത്തിയത്.
ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിന്നുംഗ സ്വർണം നേടിയതിന് പിന്നാലെയാണ് ഷിവലിയും സുവർണനേട്ടത്തിൽ എത്തിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറ് മെഡലായി. ആറും ഭാരോദ്വ ഹനത്തില്‍ നിന്നാണ്. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്കായി ആദ്യ സ്വർണം നേടിയിരുന്നു.
വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ദ്യാറാണി ദേവി ഇന്ത്യക്ക് വേണ്ടി വെള്ളി നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ സങ്കേത് സർഗർ വെള്ളിയും 61 കിലോഗ്രാം വിഭാ ഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടി.
Post a Comment