റെഡ് അലര്‍ട്ടുള്ള കണ്ണൂരിന് മാത്രം അവധിയില്ല; ഓറഞ്ച് അലര്‍ട്ടുള്ളതടക്കം 12 ജില്ലകള്‍ക്ക് അവധി; കണ്ണൂര്‍ കലക്ടര്‍ക്ക് പൊങ്കാല

കണ്ണൂര്‍: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച 10 ജില്ലകളില്‍ ഒമ്ബതെണ്ണത്തിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂര്‍ ജില്ലക്ക് മാത്രം അവധി നല്‍കിയില്ല.

അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നാളെ റെഡ് അലര്‍ട്ടുള്ള ജില്ലയാണ് കണ്ണൂര്‍. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആയിട്ട് പോലും അവധി നല്‍കിയിട്ടുണ്ട്.

അതിതീവ്രമഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്​, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട്, കൊല്ലം ജില്ലകളിലെ അംഗന്‍വാടികള്‍ മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

കണ്ണൂര്‍ കലക്ടറുടെ വിവേചനപരമായ തീരുമാനത്തിനെതിരെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 'കോഴിക്കോടിനും വയനാടിനും അവധി. അവര്‍ക്കിടയിലുള്ള കണ്ണൂര്‍ അവധിക്ക് യാചിക്കുന്നു. ഇവിടെ red alert ആണ് പക്ഷെ പുറത്തിറങ്ങാം!' എന്നാണ് ഒരാളുടെ കമന്റ്. 'സര്‍, ദയവായി ഉച്ചയാകുമ്ബോള്‍ അവധി പ്രഖ്യാപിക്കാതിരിക്കുക... ' എന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post