സംസ്ഥാനത്ത് അതിതീവ്ര മഴ; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

 


തിരുവനന്തപുരം: ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 7 ഡാമുകളില്‍ റെഡ് അലര്‍ട്ട് ഉണ്ടെങ്കിലും ഇവ തല്‍ക്കാലം തുറക്കില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. കേരള, കാലിക്കറ്റ്, എംജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്) സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് മുതല്‍ 5 വരെ മാറ്റിവെച്ചു.

തുടര്‍ച്ചയായി ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കടലില്‍ തിരമാലകള്‍ 3.3 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്ബ, നെയ്യാര്‍, മണിമല, കരമന നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞു. അച്ചന്‍കോവില്‍, കാളിയാര്‍, തൊടുപുഴ, മീനച്ചില്‍ പുഴകളിലും ജലനിരപ്പ് ഉയരുകയാണ്.

Post a Comment

Previous Post Next Post