മാങ്ങാട്ടുപറമ്പ് : മാങ്ങാട്ടുപറമ്പിലെ ഗവ. അമ്മയും കുഞ്ഞും ആസ്പത്രിയിലെ പുതിയ സൗകര്യങ്ങൾ നാടിന് സമർപ്പിച്ചു.കുട്ടികൾക്കായി പ്രത്യേക തീവ്രപരിചരണ യൂണിറ്റാണ് പുതുതായി സ്ഥാപിച്ചത്. നാല് കിടക്കസൗകര്യവും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാകും. ആഴ്ചയിൽ ആറുദിവസവും കുട്ടികൾക്കായി ഒ.പി. സൗകര്യവും 12 കിടക്കകളോടുകൂടിയ വാർഡും 12 നവജാത ശിശുക്കളെ ഒരേസമയം കിടത്താവുന്ന എസ്.എൻ.സി.യു. സൗകര്യവും ആസ്പത്രിയിലൊരുക്കിയിട്ടുണ്ട്. ഇതിനായി അഞ്ച് കുട്ടികൾക്കായുള്ള അഞ്ച് ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രി എം.വി.ഗോവിന്ദന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 29.50 ലക്ഷം രൂപ വകയിരുത്തിയാണ് കുട്ടികൾക്കായുള്ള പുതിയ തീവ്രപരിചരണ വാർഡ് ഒരുക്കിയത്.
ഇതോടൊപ്പം 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റും ആസ്പത്രിയുടെ അടുത്ത 25 വർഷത്തേക്കുള്ള രൂപരേഖയും പ്രകാശനം ചെയ്യും. 2009-ൽ മാങ്ങാട്ടുപറമ്പിൽ തുടക്കമിട്ട ‘അമ്മയും കുഞ്ഞും ആസ്പത്രി’യിൽ പ്രതിമാസം 120-നും 200-നും ഇടയിൽ പ്രസവങ്ങൾ നടക്കുന്നുണ്ട്. ആറായിരത്തോളം രോഗികൾ ഒ.പി. വിഭാഗത്തിൽ എത്തുന്നുണ്ട്. നിലവിൽ ആസ്പത്രിയിൽ കിടത്തിച്ചികിത്സയ്ക്കായി 100 കിടക്കകളുടെ സൗകര്യവുമുണ്ട്. കൂടാതെ രണ്ടരക്കോടിയോളം രൂപ ചെലവിട്ട് നിർമിച്ച നവജാതശിശുക്കളുടെ വൈകല്യനിർണയ ചികിത്സാ സംവിധാനവും 74.85 ലക്ഷം രൂപയ്ക്ക് ഒരുക്കിയ വന്ധ്യതാനിവാരണ ചികിത്സാസംവിധാനവും ആസ്പത്രിയുടെ പ്രത്യേകതയാണ്.
Post a Comment