ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് പ്രക്ഷോഭം കത്തിക്കൊണ്ടിരിക്കവെ നിയമനത്തിനുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന.
അഗ്‌നിപഥ് സ്‌കീമിലേക്കുള്ള ശമ്ബളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയുടെ വിശദാംശങ്ങളാണ് ഇന്ത്യന്‍ വ്യോാമസേന പുറത്തുവിട്ടത്. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. എല്ലാ ഇന്ത്യക്കാര്‍ക്കും എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഗ്‌നിപഥില്‍ അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ കാംപസ് ഇന്റര്‍വ്യൂവും നടത്തും. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ തയ്യാറാവണം. പരിശീലന കാലയളവിലേക്ക് അവരുടെ യൂനിഫോമില്‍ ധരിക്കാന്‍ ഒരു പ്രത്യേക ചിഹ്‌നമുണ്ടായിരിക്കും. ജോലിക്ക് നിയമിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം.
മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. നാല് വര്‍ഷത്തേക്കാണ് നിയമനം. കാലാവധി കഴഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും സേവാനിധി പാക്കേജ് പ്രകാരം അഗ്‌നിപഥ് സ്‌കീമില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുക. ആദ്യ വര്‍ഷം 30,000 രൂപയും രണ്ടാമത്തെ വര്‍ഷം 33,000 രൂപയും മൂന്നാമത്തെ വര്‍ഷം 36,500 രൂപയും നാലാമത്തെ വര്‍ഷം 40,000 രൂപയുമാണ് ശമ്ബളം.
വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവന്‍സ് ഇതിന് പുറമെ നല്‍കും. പ്രൊവിഡന്റ് ഫണ്ട് സര്‍ക്കാരിന് നല്‍കേണ്ട ആവശ്യമില്ല. പ്രവര്‍ത്തന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും ലഭിക്കും. പ്രതിവര്‍ഷം 30 ദിവസത്തെ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടാവും. മെഡിക്കല്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രോഗബാധിത അവധിയുമുണ്ടായിരിക്കും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ സേവനം മതിയാക്കി തിരിച്ചുപോകാനാവില്ല. സര്‍ക്കാരിന്റെ വിവേചനാധികാര പ്രകാരം നാല് വര്‍ഷത്തെ കാലയളവ് അവസാനിക്കുമ്ബോള്‍ ദീര്‍ഘകാല സേവനത്തിലേക്ക് പരിഗണിച്ചേക്കാം.
Post a Comment