തൃശൂർ: എത്ര കണ്ടാലും മതിവരാത്ത ഒരായിരം പൂരക്കാഴ്ചകൾക്കായി വടക്കുന്നാഥന്റെ തെക്കേഗോപുര നട നെയ്തലക്കാവിലമ്മ തുറന്നിട്ടതോടെ തൃശൂർ പൂർണമായും പൂരലഹരിയിലമർന്നു. ഇനി പൂരക്കാഴ്ചകൾ മാത്രം... നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.
ഇന്ന് പൂരനഗരി ഉറങ്ങില്ല. ചമയക്കാഴ്ചകളും കരിവീരച്ചന്തവും പ്രകാശഗോപുരങ്ങളും കണ്ട് ഉറങ്ങാതെ ആൾക്കൂട്ടം പൂരപ്പറന്പിലൂടെ അലയും. ഇനി പൂരക്കന്പക്കാർക്കുറക്കം പകൽപൂരം കഴിഞ്ഞ് വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച ശേഷം മാത്രം.
നെയ്തലക്കാവിലമ്മയുടെ തിടന്പേറ്റി കുറ്റൂർ നെയ്തലക്കാവിൽ നിന്നെത്തിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊന്പൻ എറണാകുളം ശിവകുമാറാണ് തെക്കേഗോപുരം തുറന്ന് പൂരവിളംബരം നടത്തിയത്.
രാവിലെ എട്ടോടെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പായി വന്ന് മണികണ്ഠനാലിൽ നിന്ന് മേളത്തോടെയാണ് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലേക്ക് എഴുന്നള്ളിയത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ അറുപതോളം കലാകാരൻമാർ അണിനിരന്ന് മേളം കൊട്ടിത്തിമർത്തു.
തെക്കേഗോപുര നടയ്ക്കു താഴെ വൻ പുരുഷാരം പൂരവിളംബരം കാണാൻ രാവിലെ മുതൽ തന്നെ കാത്തുനിന്നിരുന്നു. തിരുവന്പാടിയുടേയും പാറമേക്കാവിന്റെയും ആനച്ചമയപ്രദർശനങ്ങൾ കൗസ്തുഭത്തിലും അഗ്രശാലയിലുമായി തുടരുകയാണ്.
ചമയ പ്രദർശനങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ പൂരനഗരിയിലേക്ക് പ്രവഹിക്കുകയാണ്. ഞായറാഴ്ച സാന്പിൾ വെടിക്കെട്ടു കാണാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്.
Post a Comment