ഒരു ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും: മന്ത്രി ജി ആര്‍ അനില്‍


കണ്ണൂര്‍: വരും ദിവസങ്ങളിലായി ഒരു ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ രണ്ട് ഉള്‍പ്പെടെ സംസ്ഥാനത്തെ 35 സുഭിക്ഷ ഹോട്ടലുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പിലാത്തറയിലും പെരിങ്ങത്തൂരിലുമാണ് പുതിയ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് വിശപ്പ് രഹിത കേരളമെന്നും വീട്ടിലുണ്ടാക്കുന്ന അതേ ഭക്ഷണം ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാരനു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 20 രൂപ നല്‍കാനില്ലാത്തവരും പട്ടിണി കിടക്കരുത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റേഷന്‍ കാര്‍ഡില്ലാത്ത നിരവധി കുടുംബങ്ങളാണുണ്ടായിരുന്നത്. 172,000 ലധികം പേര്‍ അനര്‍ഹമായ കാര്‍ഡുകള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കി. ഇതില്‍ 152,000 കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. റേഷന്‍ കടകളെ നവീകരിക്കുന്നതിന്റെ ആദ്യഘട്ടമായി 1000 റേഷന്‍ കടകളെ ആധുനീകരിക്കും. സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post