കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്ക്കെതിരെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്.
ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചതും 59 പേര്‍ ആശുപത്രിയിലായതും. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
പെയിന്റ് ബക്കറ്റില്‍ സൂക്ഷിച്ച ചിക്കന്‍, വളമാക്കാന്‍ പോലും കൊള്ളാതായിപ്പോയ ചീഞ്ഞുപോയ മീന്‍, ഷിഗല്ല, സാല്‍മൊണല്ല സാന്നിധ്യം കണ്ടെത്തിയ ഷവര്‍മ്മ. ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ചതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരക്കെ റെയ്ഡാണ്. അതിലൊന്നില്‍ നിന്നുള്ള ഒരു കാഴ്ച ഇങ്ങനെ. തിരുവനന്തപുരം നെടുമങ്ങാട് കച്ചേരിമുക്കിലെ മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. അതേ മുറിയില്‍ത്തന്നെ എലി തുരന്നുണ്ടാക്കിയ വലിയ മാളം. കീറിപ്പറിഞ്ഞ ചാക്കുകള്‍. സമീപത്ത് എലിയെ പിടിക്കാനൊരു എലിക്കെണിയും എലിപ്പനി പടരാന്‍ വേറെവിടെ പോകണം?
Post a Comment