പ്രണോയിലേറി ഇന്ത്യ; തോമസ് കപ്പില്‍ ചരിത്രമെഡലുറപ്പിച്ചു

 


ബാങ്കോക്: 73 കൊല്ലത്തെ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചരിത്രത്തിലാദ്യമായി മെഡലുറപ്പിച്ച്‌ ഇന്ത്യ. ഇംപാക്‌ട് അറീനയില്‍ നടന്ന ഇഞ്ചോടിഞ്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മലേഷ്യയെ 3-2ന് തോല്‍പിച്ചാണ് പുരുഷസംഘം സെമിഫൈനലില്‍ പ്രവേശിച്ചത്.

സെമിയില്‍ തോറ്റാലും ഇന്ത്യക്ക് വെങ്കല മെഡല്‍ ലഭിക്കും. മലയാളി താരം എച്ച്‌.എസ്. പ്രണോയും കിഡംബി ശ്രീകാന്തും സാത്വിക്-ചിരാഗ് സഖ്യവുമാണ് വിജയം കണ്ടവര്‍. ഓരോ ഡബ്ള്‍സ്, സിംഗ്ള്‍സ് മത്സരങ്ങളില്‍ തോറ്റതോടെ 2-2 എന്ന നിലയില്‍ നിന്ന ഇന്ത്യയെ പ്രണോയാണ് സെമിയിലേക്കു നയിച്ചത്. യുവാന്‍ ഹാവോയെ 21-13, 21-18 എന്ന സ്കോറിന് പ്രണോയ് പരാജയപ്പെടുത്തി. ഡെന്മാര്‍ക്-ദക്ഷിണ കൊറിയ ക്വാര്‍ട്ടര്‍ ജേതാക്കളെ ഇന്ത്യ വെള്ളിയാഴ്ച സെമിയില്‍ നേരിടും.


ലക്ഷ്യ സെന്നാണ് പോരാട്ടത്തിന് തുടക്കമിട്ടത്. സിംഗ്ള്‍സില്‍ ലീ സീ ജിയയോട് ലക്ഷ്യ തോല്‍വി രുചിച്ചു. തുടര്‍ന്ന് ഡബ്ള്‍സില്‍ സാത്വിക് സായ് രാജ് -ചിരാദ് ഷെട്ടി കൂട്ടുകെട്ട് ഗോ ഷേ ഫെയ് -നൂര്‍ ഇസ്സുദ്ദീന്‍ സഖ്യത്തെ കീഴ്പ്പെടുത്തിയതോടെ 1-1. ശ്രീകാന്തിന്റെ ജയം ഇന്ത്യക്ക് വീണ്ടും മുന്‍തൂക്കം നല്‍കിയെങ്കിലും കൃഷ്ണപ്രസാദ് ഗരാഗ-വിഷ്ണുവര്‍ധന്‍ സഖ്യം തോറ്റതോടെ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ സെമിയിലെത്തിക്കേണ്ട ചുമതല പ്രണോയിക്കായി. 1979നുശേഷം ഇന്ത്യ തോമസ് കപ്പ് സെമിയില്‍ കടക്കുന്നതും ഇതാദ്യമാണ്. 1952ലും 55ലും സെമിയില്‍ പ്രവേശിച്ചിരുന്നു. അക്കാലത്ത് ഫൈനലിസ്റ്റുകള്‍ക്കു മാത്രമായിരുന്നു മെഡല്‍.

അതേസമയം, ഒളിമ്ബിക് മെഡല്‍ ജേതാവ് പി.വി. സിന്ധു നയിച്ച ഇന്ത്യന്‍ വനിത ടീം ഉബര്‍ കപ്പ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. തായ് ലന്‍ഡ് താരങ്ങളോട് അഞ്ചു മത്സരങ്ങളില്‍ ആദ്യ മൂന്നിലും അടിയറവ് പറഞ്ഞതോടെ ശേഷിച്ച രണ്ടെണ്ണം അപ്രസക്തമായി. രച്നോക് ഇന്‍റനോണിനോട് 21-18, 17-21, 12-21 സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ശ്രുതി മിശ്ര-സിംറാന്‍ സിംഘി ഡബ്ള്‍സ് ജോടിയും ആകര്‍ഷി കശ്യപും തായ് താരങ്ങളോട് മുട്ടുമടക്കിയതോടെ ഇന്ത്യ 0-3ന് പിന്നിലായി.

Post a Comment

Previous Post Next Post