കണ്ണൂർ: ഇലക്ട്രിക് വാഹനങ്ങൾക്കായി കണ്ണൂർ ജില്ലയിൽ കെഎസ്ഇബി നിർമാണം പൂർത്തീകരിച്ച 89 പോൾ മൗണ്ടഡ് വാഹന ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും16ന് മയ്യിലിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മയ്യിൽ ടൗൺ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻഅധ്യക്ഷത വഹിക്കും.
വൈദ്യുത പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വേണ്ടിയും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്കുവേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം.
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബിയാണ്. എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്.
റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുത വാഹനങ്ങളിൽ സുഗമമായി യാത്രചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാർജിംഗ് സ്റ്റേഷൻ ശൃംഖല രൂപകല്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോൾ മൗണ്ടഡ് സെൻറുകളിൽനിന്ന് ചാർജ് ചെയ്യാനാകും. 2020 ൽ കെഎസ്ഇബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാലു ചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്സ്റ്റേഷൻ പരിസരത്തായിരുന്നു.
ഇ-ടെൻഡർ പ്രകാരം തെരഞ്ഞെടുത്ത ജെനസിസ് എൻജിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനമാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമാണം നിർവഹിച്ചത്. എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ ഉപയോഗിക്കാൻ സാധിക്കും.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി സ്ഥാപിച്ചതിനാൽ ഇ-വാഹന യാത്രികർക്ക് സൗകര്യപ്രദമായ ചാർജിംഗിന് ഇവ പര്യാപ്തമാണ്. ചാർജിംഗിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമിച്ചത്.
നാലു ചക്ര വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ പത്തു കിലോ വാട്ട് മുതൽ 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള ഇന്ത്യൻ, യൂറോപ്യൻ, ജാപ്പനീസ് സ്റ്റാൻഡേർഡ്സ് എല്ലാം ഉൾപ്പെടുന്നതിനാൽ ഇന്ത്യയിൽ ഇപ്പോൾ വിപണിയിലുളളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ പര്യാപ്തമാണ്.
സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. ചാർജിംഗിന്റെ പണമടയ്ക്കുന്നതും വാഹനം ഓടിക്കുന്ന ആൾക്ക് അടുത്തുള്ള സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. ഇ-ടെൻഡർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്സ് ട്രാൻസ്മിഷൻ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാർജിംഗ് സ്റ്റേഷനുകളും നിർമിച്ചിരിക്കുന്നത്.
നിർമാണച്ചെലവ് 59.4 ലക്ഷം രൂപയാണ്. ഇത്തരം സ്റ്റേഷനുകളിലെല്ലാം സൗകര്യപ്രദമായ ചാർജിംഗിനായി റിഫ്രഷ്മെന്റ് സ്റ്റാൾ സ്ഥാപിക്കുവാനും സോളാർ റൂഫിംഗ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Post a Comment