ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 18 വര്‍ഷത്തിനുശേഷം ഗൈനക്കോളജി ഐപി വാര്‍ഡ്


ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 18 വര്‍ഷത്തിനുശേഷം ഗൈനക്കോളജി ഐപി വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി. ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ലക്ഷ്യ മാതൃ- ശിശു വാര്‍ഡിലാണ്‌ കിടത്തിചികിത്സ ആരംഭിക്കുന്നത്.
എന്‍എച്ച്‌എം ഫണ്ടുപയോഗിച്ച്‌ 3.19 കോടി രൂപ മുടക്കിയാണ്‌ ആധുനിക സൗകര്യങ്ങളോടെ വാര്‍ഡ്‌ നിര്‍മിച്ചത്‌. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഗൈനക്കോളജി വിഭാഗം തുടങ്ങാനായില്ല. നഗരസഭാ ഭരണസമിതിയും ആശുപത്രി വികസന സമിതിയും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ്‌ കിടത്തിചികിത്സ തുടങ്ങുന്നത്‌.

ഒരുമാസം മുമ്ബ്‌ ഗൈനക്കോളജിസ്റ്റിനെ നിയമിച്ച്‌ ഒപി ആരംഭിച്ചു. ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഹെഡ്‌ നഴ്‌സ്, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് നഴ്‌സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ നിയമനം കൂടിയായി. അനസ്‌തേഷ്യ വിഭാഗത്തിലും നിയമന സാധ്യത തെളിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ 31ലക്ഷം രൂപ അനുവദിച്ചു. ഓപ്പറേഷന്‍ തീയേറ്ററും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. കൂടുതല്‍ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരെ അനുവദിച്ചുകിട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു.
കിടത്തി ചികില്‍സാ വിഭാഗം 13ന് രാവിലെ 10ന്‌ നഗരസഭാ ചെയര്‍മാന്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്യും. പ്രസവമുറി, ഓപ്പറേഷന്‍ തീയറ്റര്‍, തീവ്രപരിചരണ വിഭാഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വാര്‍ഡുകള്‍ എന്നിവ ഒരുക്കി. ഗൈനക്കോളജി വിഭാഗത്തില്‍ 50പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുക്കി. പിഎച്ച്‌സിയായിരിക്കെ ഏറ്റവും കൂടുതല്‍ ചികിത്സയും പ്രസവങ്ങളും നടത്തിയ ആശുപത്രിയായിരുന്നു ഇത്‌.

Post a Comment

Previous Post Next Post