ചെമ്ബന്തൊട്ടിയിലെ കുടിയേറ്റ മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ ധാരണ


ശ്രീകണ്ഠപുരം:  ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം ഈവര്‍ഷം തന്നെ അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിച്ച്‌ യാഥാര്‍ഥ്യമാക്കാന്‍ മ്യൂസിയത്തില്‍ ചേര്‍ന്ന ഉന്നതലയോഗത്തില്‍ ധാരണ.


മ്യൂസിയത്തിന് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷത്തിന്റെ പണി 30ന് പൂര്‍ത്തീകരിക്കുമെന്ന് പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്. സൊസൈറ്റി (പിക്കോസ്) പ്രതിനിധി ഉറപ്പ് നല്‍കി.

മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യത്തിനായി അനുവദിച്ച 1.64 കോടി രൂപയില്‍ 32.90 ലക്ഷം ലഭിച്ചതായി മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു. മ്യൂസിയവുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തെ കുറിച്ച്‌ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിശദീകരിച്ചു. മ്യൂസിയത്തിലേക്കുള്ള റോഡ് നഗരസഭ എറ്റെടുത്ത് നവീകരിക്കുന്നതിനും വാച്ചുമാനെ നിയമിക്കുന്നതിനും ധാരണയായി. വള്ളോപ്പിള്ളി പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുവാനും തീരുമാനിച്ചു. സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍പേഴ്സന്‍ ഡോ. കെ.വി. ഫിലോമിന, തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് തെങ്ങുപള്ളില്‍, മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള, പുരാവസ്തു ഡയറക്ടര്‍ ഇ.ദിനേശന്‍, കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ്. ഭൂപേഷ്, കിറ്റ്കോ പ്രതിനിധി ശ്രീരാജ് നാരായണന്‍, പിക്കോസ് പ്രതിനിധി എം.സി. സായുജ്, എബി എന്‍. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post