അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല, റേഷൻ കടകളിൽനിന്ന് ഇനി പണവും കിട്ടും. റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളായി കൈയിലെത്തുന്നതിനുപിന്നാലെയാണ് റേഷൻ കടകൾ എ.ടി.എം. കേന്ദ്രം മാതൃകയിൽ പ്രവർത്തിക്കുക. സ്മാർട്ട് കാർഡ് നൽകി 5000 രൂപ വരെ പിൻവലിക്കാം. ആദ്യഘട്ടത്തിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ബാങ്കോ എ.ടി.എമ്മോ ഇല്ലാത്ത സംസ്ഥാനത്തെ ആയിരം റേഷൻ കടകളിലാണ് ഇത്തരം സൗകര്യമൊരുക്കുക. തുടർഘട്ടങ്ങളിൽ മറ്റ് റേഷൻ കടകളിലേക്കും ഇത് വ്യാപിപ്പിക്കും. ബാങ്കിങ് മേഖലയുമായി കൈകോർത്താണ് ഈ സംവിധാനം നടപ്പാക്കുക.
ഒരുമാസത്തിനുള്ളിൽ പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റേഷൻ കടകൾ ജനസേവന കേന്ദ്രങ്ങളായും മാറും. വൈദ്യുതി ബിൽ, വെള്ളക്കരം, ടെലിഫോൺ ബിൽ തുടങ്ങിയവ റേഷൻ കട വഴി അടക്കാം. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സംവിധാനത്തിലുടെയാണ് ഇടപാട് നടത്തുക. മൊബൈൽ ഫോണിലോ ലാപ് ടോപ്പ് വഴിയോ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. വിരലിനുപുറമെ കാർഡുടമകളുടെ കൃഷ്ണമണിയുടെ അടയാളവും സ്മാർട്ട് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്നമുണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post a Comment