സംസ്ഥാനത്ത് ഇതാദ്യം: തളിപ്പറമ്ബിനെ കാക്കാന്‍ മൂന്നാംകണ്ണ്

നിയോജകമണ്ഡലം പരിധിയില്‍ 187 കാമറകളുടെ കാവല്‍
ചിലവ് 1.45 കോടി
തളിപ്പറമ്ബ്: തളിപ്പറമ്ബ് നിയോജകമണ്ഡലത്തെ സി.സി ടി.വി വലയത്തിലാക്കുന്നു.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു നിയോജകമണ്ഡലം മുഴുവനായും വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കാമറാവലയത്തിലാക്കുന്നത്.നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും രണ്ട് മുന്‍സിപ്പാലിറ്റികളും ഉള്‍പ്പെടെ ഒമ്ബത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ച്‌ നെറ്റ്‌വര്‍ക്ക് ശൃഖലയായാണ് പദ്ധതി നടപ്പാക്കുന്നത്. 'തളിപ്പറമ്ബ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലം തിരഞ്ഞെടുത്താണ് 187 ക്യാമറകള്‍ ഒരുക്കുന്നത്.
പൊതുജനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പൊലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന 'തേര്‍ഡ് ഐ സി.സി ടി.വി. സര്‍വയലന്‍സ് സംവിധാനം ഇന്ന് വൈകിട്ട് 5ന് മയ്യില്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ കാലത്ത് രൂപകല്‍പ്പന ചെയ്ത പദ്ധതിയില്‍ 1.45 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 187 കാമറകളും തളിപ്പറമ്ബ് താലൂക്ക് ആശുപത്രി, മയ്യില്‍ എഫ്.എച്ച്‌. സി എന്നിവിടങ്ങളില്‍ കാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെര്‍മല്‍ സ്കാനര്‍ യൂണിറ്റുകളുമാണ് ഉള്‍ക്കൊള്ളുന്നത്.

ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അവരുടെ ആവശ്യകത അനുസരിച്ച്‌ വിവിധ പ്രദേശങ്ങളിലേക്ക് ഈ കാമറ ശൃംഖല വ്യാപിപ്പിക്കുവാന്‍ സാധിക്കും. ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊലീസ് സംവിധാനത്തിനും ഈ പദ്ധതി ഭാവിയില്‍ ഉപയോഗപ്പെടുത്താനാവും.
'തേര്‍ഡ് ഐ' സര്‍വെെലന്‍സ് പദ്ധതി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാതെ കേരള വിഷന്‍ കേബിള്‍ ഉപയോഗിച്ചാണ് റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. കേബിള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ വയര്‍ലസ് സംവിധാനം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയര്‍ലെസ് സംവിധാനം ആയതിനാല്‍ ചിലവ് വളരെ കുറവാണെന്നതും പ്രത്യേകതയാണ്. മണ്ഡലത്തില്‍ ഒരു കേന്ദ്രത്തില്‍ ഇരുന്ന് പഞ്ചായത്തുകളില്‍ സജ്ജമാക്കിയിട്ടുള്ള ഡിസ്‌പ്ലൈ ഉപയോഗിച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ നടത്താനും സാധിക്കും.
ഉയരത്തില്‍ നിന്ന് കാഴ്ചകള്‍ ഒപ്പിയെടുക്കും

പുഴകളുടെ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങള്‍ നേരിടുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍, ജനശ്രദ്ധയില്ലാത്ത മേഖലകളിലെ കുറ്റകൃത്യം തടയല്‍, വളരെ പ്രധാനപ്പെട്ട കവലകള്‍ നിരീക്ഷണത്തില്‍ കൊണ്ടുവരല്‍ തുടങ്ങിയവ 'തേര്‍ഡ് ഐ' സി.സി ടി.വി സര്‍വയലന്‍സ് സംവിധാനത്തിലൂടെ സാധിക്കും. കേരളാവിഷന്‍ നെറ്റ്‌വര്‍ക്ക് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 24 മീറ്റര്‍ ഉയരമുള്ള മൂന്നു ടവര്‍, പതിനെട്ട് മീറ്റര്‍ ഉയരമുള്ള രണ്ടു ടവര്‍,പത്തു മീറ്റര്‍ ഉയരമുള്ള 28 ടവര്‍, ആറു മീറ്റര്‍ ഉയരമുള്ള 39 ജി ഐ പോളുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വയര്‍ലെസ് സംവിധാനവും സംയുക്തമായി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ സാങ്കേതിക മികവ് ഉള്‍പ്പെടുത്തി പി.ഡബ്ല്യു.ഡി ഇലക്‌ട്രോണിക്സ് വിഭാഗമാണ് ഇതിന്റെ നിര്‍വ്വഹണം നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ ദൃശ്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവരവരുടെ കാര്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോര്‍ഡിംഗ് സൂക്ഷിക്കുവാനും കഴിയുന്ന വിധത്തില്‍ സ്വയംപര്യാപ്‌തമായ സോളാര്‍ വൈദ്യുതിയും സ്വന്തമായ നെറ്റ്‌വര്‍ക്ക് സംവിധാനവും ഉപയോഗിച്ചുകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post