രയരോം-പരപ്പ-കാർത്തികപുരം റോഡ് അറ്റകുറ്റപ്പണി നടക്കുന്നില്ല


ആലക്കോട് : ദിവസേന നൂറുകണക്കിന്‌ കുടുംബങ്ങളും വാഹനയാത്രക്കാരും ആശ്രയിക്കുന്ന രയരോം-പരപ്പ-കാർത്തികപുരം ഏഴുകിലോമീറ്റർ പൊതുമരാമത്ത് റോഡ് തകർന്നനിലയിൽ. കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത നിലയിൽ നിരവധി ഭാഗങ്ങളിൽ കുഴികളായിരിക്കുകയാണ്.

ടാറിങ്‌ പ്രവർത്തിയുടെഭാഗമായി നടത്തിയ പ്രവൃത്തിയിൽ ഓവുചാൽ പണിയാത്തത് റോഡ് തകർച്ചയ്ക്കൊരു കാരണമാണ്. മലനിരകൾക്ക് താഴെ പുഴയ്ക്ക് സമാന്തരമായ റോഡിലേക്ക് ശക്തമായി വെളളമൊഴുക്കാണ് മഴക്കാലത്ത്. വെള്ളം റോഡിൽ കവിഞ്ഞൊഴുകുകയും കെട്ടിനിൽക്കുകയും ചെയ്ത് കുഴികളുണ്ടാകുകയും ഇതിലൂടെ വാഹനമോടിച്ച് റോഡ് തകരുകയുമാണ്.
ആലക്കോട് എത്താതെ ചുരുങ്ങിയ ദൂരം വാഹനയാത്ര ചെയ്ത് തേർത്തല്ലി, ചെറുപുഴ, ചപ്പാരപ്പടവ്,തിമിരി ഭാഗങ്ങളിലേക്ക് ധാരാളം പേർ ഇതുവഴി യാത്രചെയ്തുവരുന്നു. ചീക്കാട്-ചെറുപുഴ വഴി മംഗളൂരുവിലേക്കുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. 
ഓവുചാൽ പണിത് വീണ്ടും ടാർ ചെയ്താലേ യാത്രാദുരിതത്തിന് പരിഹാരമാകൂവെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിക്കുയും കാർത്തികപുരം സ്വദേശി കരാറെടുക്കുകയും ചെയ്തെങ്കിലും പ്രവൃത്തി നടത്തുകയോ കരാർ ഒഴിവാക്കുകയോ ചെയ്തില്ല. പിന്നീട് റോഡ് തകർച്ചയുടെ രൂക്ഷത കണക്കാക്കി 30 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് അനുമതി കിട്ടി. പക്ഷേ, പഴയ കരാറുകാരൻ കരാർ ഒഴിവാക്കാത്തതിനാൽ പതിയ കരാർ  നൽകാൻ കഴിയുന്നില്ല. സാങ്കേതികതടസ്സങ്ങൾ നീക്കി പ്രവൃത്തി ഉടൻ തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post